കണ്ണൂർ: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടന്ന പരിശോധനകളിൽ കണ്ണൂരിൽ ഭൂഗർഭ അറയിൽ രഹസ്യമായി സൂക്ഷിച്ചിരുന്ന 102.15 ലിറ്റർ മദ്യം എക്സൈസ് പിടിച്ചെടുത്തു. ഓണത്തോടനുബന്ധിച്ചുള്ള വിൽപ്പനയ്ക്കായി ഇത്രയും മദ്യം അനധികൃതമായി സൂക്ഷിച്ച കണ്ണോത്ത് വിനോദൻ (60) എന്നയാളെ അറസ്റ്റ് ചെയ്തു. കണ്ണൂർ റേഞ്ച് അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഷനിൽ കുമാർ സി.പിയും സംഘവും ചേർന്നാണ് മദ്യശേഖരം കണ്ടെത്തിയത്.
ഇന്റർലോക്ക് ചെയ്ത വീട്ടുമുറ്റത്ത് വിപുലമായ സംവിധാനങ്ങളോടെയാണ് ഇയാൾ ഭൂഗർഭ അറ നിർമിച്ചത്. ഇത് ഒരു വർഷം മുമ്പ് തന്നെ നിർമിച്ചിരുന്നതായാണ് റിപ്പോർട്ട്. ഇതിനുള്ളിലേക്ക് വൈദ്യുതി കണക്ഷൻ ഉൾപ്പെടെ നൽകിയിട്ടുണ്ടായിരുന്നു. മദ്യം തണുപ്പിച്ച് സൂക്ഷിക്കാൻ ഫ്രിഡ്ജ് അടക്കമുള്ള സംവിധാനങ്ങളും സജ്ജീകരിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് രഹസ്യ വിവരം കിട്ടി എക്സൈസ് സംഘം ഇവിടെയെത്തുന്നത്.
69 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും 33.15 ലിറ്റർ ബിയറും ഉൾപ്പെടെയാണ് എക്സൈസ് സംഘം പരിശോധനയ്ക്കിടെ പിടിച്ചെടുത്തത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) സന്തോഷ്.എം.കെ, പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) മാരായ രജിത്ത് കുമാർ.എൻ, സജിത്ത്.എം, സിവിൽ എക്സൈസ് ഓഫീസർമാരായ ഗണേഷ് ബാബു.പി.വി, മുഹമ്മദ് ബഷീർ, വനിത സിവിൽ എക്സൈസ് ഓഫീസർ ദിവ്യ.പി.വി എന്നിവരാണ് പരിശോധന നടത്തിയ എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്.