ഇസ്ലാമാബാദ്: ഞായറാഴ്ച ബലൂചിസ്ഥാനിൽ നടന്ന ഒന്നിലധികം സ്ഫോടനങ്ങളിൽ അഞ്ച് പാകിസ്ഥാൻ സൈനികർ കൊല്ലപ്പെടുകയും പത്തിലധികം സാധാരണ പൗരന്മാർക്ക് പരിക്കേൽക്കുകയും ചെയ്തു. ഡിസംബർ 24 മുതൽ രഹസ്യാന്വേഷണ ഓപ്പറേഷൻ നടന്നുവരികയായിരുന്നു. കോഹ്‌ലു ജില്ലയിലെ കഹാൻ ഏരിയയിൽ ഒരു സ്‌ഫോടകവസ്തു (ഐഇഡി) പൊട്ടിത്തെറിച്ചതായും പാകിസ്ഥാൻ സൈന്യം പ്രസ്താവനയിൽ പറഞ്ഞതായി ജിയോ ടിവി റിപ്പോർട്ട് ചെയ്തു.
മറ്റൊരു സംഭവത്തിൽ, ക്വറ്റയിലെ സാറ്റലൈറ്റ് ടൗണിലെ ഒരു പൊലീസ് ചെക്ക് പോയിന്റിലേക്ക് അജ്ഞാതർ ഗ്രനേഡ് എറിഞ്ഞു. മൂന്ന് പൊലീസ് ഉദ്യോഗസ്ഥരും അഞ്ച് പൗരന്മാരും ഉൾപ്പടെ എട്ട് പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട് പറയുന്നു. ഈ സംഭവത്തിന് മണിക്കൂറുകൾക്ക് മുമ്പ് ക്വറ്റയിൽ ഗ്രനേഡ് പൊട്ടിത്തെറിച്ച് നാല് പേർക്ക് പരിക്കേറ്റിരുന്നു. രാജ്യം ക്രിസ്മസ് ആഘോഷിക്കുന്ന ദിവസമാണ് ബലൂചിസ്ഥാനിൽ ഒന്നിലധികം സ്ഫോടനങ്ങൾ നടന്നത്.