ദില്ലി : പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് കോടികൾ തട്ടി രാജ്യം വിട്ട വജ്ര വ്യാപാരി മെഹുൽ ചോക്സിക്കെതിരായ കേസ് ഡൊമിനിക്ക പിൻവലിച്ചു. അനധികൃതമായി രാജ്യത്ത് പ്രവേശിച്ചതിനെതിരായി രജിസ്റ്റർ ചെയ്ത കേസാണ് പിൻവലിച്ചത്. ചോക്സിയെ വിട്ടുകിട്ടാൻ ശ്രമം നടത്തുന്ന സിബിഐക്ക് തിരിച്ചടിയാണ് ഡൊമിനിക്കൻ സർക്കാരിന്റെ നടപടി. ഇന്ത്യയിൽ നിന്ന് രക്ഷപ്പെട്ട് ആന്റിഗ്വയിലെത്തിയ മെഹുൽ ചോക്സി, ക്യൂബയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് ഡൊമിനിക്കന്‍ പോലീസിന്റെ പിടിയിലായെന്നായിരുന്നു റിപ്പോർട്ടുകൾ. തുടർന്ന് 2021ൽ ചോക്സിക്കെതിരെ ഡൊമിനിക്ക കേസെടുത്തിരുന്നു. രാജ്യത്ത് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുള്ള ചോക്സിക്കെതിരെ അനധികൃത പ്രവേശനത്തിന് കേസെടുത്തത് സിബിഐക്ക് പ്രതീക്ഷ നൽകിയിരുന്നു. ചോക്സിയെ ഡൊമിനിക്ക നാടുകടത്തുമെന്നായിരുന്നു സിബിഐയുടെ കണക്കുകൂട്ടൽ. എന്നാൽ കേസ് റദ്ദാക്കിയതോടെ കനത്ത തിരിച്ചടി നേരിട്ടിരിക്കുകയാണ് സിബിഐ.
പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13,500 കോടി രൂപയുടെ തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട മെഹുൽ ചോക്സി, മെയ് 23ന് ആന്റിഗ്വയിൽ നിന്ന് അപ്രത്യക്ഷനായിരുന്നു. തുടർന്ന് ഡൊമിനിക്കയിൽ പ്രത്യക്ഷപ്പെട്ട അദ്ദേഹത്തെ അനധികൃതമായി രാജ്യത്ത് പ്രവേശിച്ചു എന്ന് ആരോപിച്ച് ഡൊമിനിക്കൻ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലാക്കി. എന്നാൽ താൻ സ്വന്തം ഇഷ്ടപ്രകാരം എത്തിയതല്ലെന്നും ആന്റിഗ്വൻ പോലീസും സിബിഐ ഉദ്യോഗസ്ഥരും എന്ന് തോന്നിക്കുന്ന ചിലർ തന്നെ തട്ടിക്കൊണ്ടുപോകുകയും ഡൊമിനിക്കയിൽ എത്തിക്കുകയുമായിരുന്നു എന്നായിരുന്നു ചോക്സിയുടെ വാദം. ഈ വാദം അംഗീകരിച്ചാണ് ചോക്സിക്കെതിരായ കേസ് ഡൊമിനിക്ക റദ്ദാക്കിയത്. ഇടയ്ക്ക് ഡൊമിനിക്കൻ കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് മെഹുൽ ചോക്സി, ആന്റിഗ്വയിൽ തിരിച്ചെത്തിയിരുന്നു. വായ്പാ തട്ടിപ്പിന് ശേഷം നാടുവിട്ട ചോക്സി, 2018 മുതൽ ആന്റിഗ്വയിലാണുള്ളത്.
ചോക്സിക്കെതിരെ സിബിഐ അടുത്തിടെ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തിരുന്നു. ഇൻഡസ്ട്രിയൽ ഫിനാൻസ് കോർപ്പറേഷനെ വഞ്ചിച്ചെന്നാരോപിച്ചാണ് ചോക്സിക്കും അദ്ദേഹത്തിന്റെ കമ്പനിയായ ഗീതാഞ്ജലി ജെംസിനുമെതിരെ സിബിഐ പുതിയ കേസ് രജിസ്റ്റർ ചെയ്തത്.