ലഖ്നൗ: ഉത്തർ പ്രദേശിൽ ബിജെപി വർക്കിംഗ് കമ്മറ്റി യോഗം ഇന്ന് ലക്നൗവിൽ ചേരും. പാർട്ടി അധ്യക്ഷൻ ജെ പി നദ്ദയും മുഖ്യമന്ത്രി യോഗി ആദിത്യനാഥും യോഗത്തിൽ പങ്കെടുക്കും. സംസ്ഥാനത്ത് നിന്നുള്ള കേന്ദ്ര മന്ത്രിമാർ, മന്ത്രിമാർ, എംഎൽഎമാർ എംപിമാർ ജില്ലകളുടെ ചുമതലകളുള്ളവരും അടക്കം മൂവായിരത്തോളം പേർ യോഗത്തിൽ പങ്കെടുക്കും. ലോക്സഭാ തെരഞ്ഞെടുപ്പ് അവലോകനമാണ് യോഗത്തിലെ മുഖ്യ അജണ്ട.
യുപിയിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി ഏറ്റതിന് പിന്നാലെ നിരവധി നേതാക്കൾ പരസ്യമായി നേതൃത്വത്തെ അതൃപ്തി അറിയിക്കുന്ന പശ്ചാത്തലത്തിലാണ് നിർണായക നേതൃ യോഗം ചേരുന്നത്. സംസ്ഥാനത്തെ പാർട്ടിയുടെ അവസ്ഥ വളരെ മോശമാണെന്നും, കേന്ദ്ര നേതൃത്വം ഇടപെടണമെന്നും ഇന്നലെ ബിജെപി ബാദൽപൂർ എംഎൽഎ രമേശ് മിശ്ര തുറന്നടിച്ചത് വലിയ ചർച്ചയായി മാറിയിരുന്നു.
അയോധ്യ അടക്കമുള്ള വിവിധ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് തോൽവിയും, തോൽവി സംബന്ധിച്ച് നടത്തിയ അന്വേഷണ റിപ്പോർട്ടുകളും യോഗത്തിൽ ചർച്ചയായേക്കും. നേരത്തെ കേരളം, ജമ്മുകാശ്മീർ അടക്കമുള്ള സംസ്ഥാനങ്ങളിൽ ചേർന്ന നേതൃ യോഗങ്ങളിലും ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ പങ്കെടുത്തിരുന്നു.