പാറ്റ്ന: സ്‌കൂളുകളിൽ വൻതോതിൽ അധ്യാപകരെ നിയമിക്കാൻ ബീഹാര്‍ സര്‍ക്കാര്‍. ബിപിഎസ്‌സി അധ്യാപക റിക്രൂട്ട്‌മെന്‍റിന്‍റെ ആദ്യഘട്ട അധ്യാപക പുനഃസ്ഥാപനം നേരത്തെ കഴിഞ്ഞിരുന്നു. ഇപ്പോള്‍ ജനവരി 13ന് നിർണായകമായ രണ്ടാം ഘട്ടത്തിലേക്കാണ് ബിപിഎസ്‌സി കടക്കുന്നത്. അധ്യാപകർക്കുള്ള നിയമന കത്ത് വിതരണം 13ന് നടക്കും. മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രി തേജസ്വി യാദവും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.
വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ കെ പഥക് നിയമന കത്ത് വിതരണം ചെയ്യുന്നതിനുള്ള നിർദേശം നൽകി. ജനുവരി 13ന് ബിഹാർ പബ്ലിക് സർവീസ് കമ്മീഷൻ (ബിപിഎസ്‌സി) ശുപാർശ ചെയ്യുന്ന 1.10 ലക്ഷം അധ്യാപകർക്ക് അവരുടെ നിയമന കത്തുകൾ ലഭിക്കും. പാറ്റ്ന ഗാന്ധി മൈതാനിയിൽ നടക്കുന്ന ചടങ്ങിൽ 25,000 അധ്യാപകർക്ക് നിതീഷ് കുമാർ നേരിട്ട് കത്തുകൾ കൈമാറും. ബാക്കിയുള്ള 85,000 അധ്യാപകർക്ക് വിവിധ ജില്ലാ ആസ്ഥാനങ്ങളിലെ നിയുക്ത മന്ത്രിമാർ നിയമന കത്തുകള്‍ നൽകും.
2023 നവംബർ മുതൽ 2024 ജനുവരി വരെയുള്ള മൂന്ന് മാസത്തിനുള്ളിൽ ഏകദേശം 2.25 ലക്ഷം പുതുതായി നിയമിതരായ അധ്യാപകർക്ക് നിയമന കത്തുകൾ നൽകുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി മാറാനാണ് ബീഹാര്‍ ഒരുങ്ങുന്നത്. ബിപിഎസ്‌സി ഡിസംബർ ഏഴ് മുതൽ 15 വരെ നടത്തിയ അധ്യാപക നിയമന പരീക്ഷയുടെ രണ്ടാം ഘട്ടത്തിൽ പരീക്ഷയെഴുതിയ എട്ട് ലക്ഷം പേരിൽ നിന്നാണ് 1.10 ലക്ഷം ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുത്തത്. 2023 നവംബർ രണ്ടിന് ബീഹാറിലുടനീളം പുതുതായി നിയമിതരായ 1.12 ലക്ഷം അധ്യാപകർക്കുള്ള നിയമന കത്തുകള്‍ നല്‍കിയിരുന്നു. ബിപിഎസ്‌സി അധ്യാപക റിക്രൂട്ട്‌മെന്റിന്റെ ആദ്യ ഘട്ടത്തിൽ 1,40,741 തസ്തികകൾ നികത്തുന്നതിനാണ് ലക്ഷ്യമിട്ടത്.