ടെക്സാസ്: പരുന്ത് കൊത്തിക്കൊണ്ടുപോയ പാമ്പ് താഴെ വീണതിന് പിന്നാലെ 64 കാരിക്ക് നേരെ ആക്രമണവുമായി പാമ്പും പരുന്തും. ടെക്സാസ് സ്വദേശിയായ 64കാരി പെഗി ജോണ്‍സിനാണ് മൃഗങ്ങളുടെ ആക്രമണത്തില്‍ പരിക്കേറ്റത്. വീടിന് മുന്നില്‍ നിന്നിരുന്ന പെഗിയുടെ ദേഹത്തേക്കാണ് ജീവനുള്ള പാമ്പ് വീഴുന്നത്. പിന്നാലെ ഭക്ഷണം വീണ്ടെടുക്കാനുള്ള ശ്രമവുമായി പരുന്തും എത്തുകയായിരുന്നു.
താഴേയ്ക്ക് വീണ പാമ്പ് പെഗിയ്യുടെ കയ്യിലേക്ക് പാമ്പ് ചുറ്റുകയായിരുന്നു. ഇതോടെ പരുന്ത് 64കാരിയുടെ കൈകളും മുഖവും കൊത്തിപ്പറിക്കുകയായിരുന്നു. ടെക്സാസിന് സമീപത്തെ സില്‍സ്ബീയിലാണ് സംഭവം നടന്നത്. ലൂസിയാന അതിര്‍ത്തിയോട് ചേര്‍ന്നുള്ളതാണ് ഈ പ്രദേശം. കയ്യിലേക്ക് വീണ പാമ്പിനെ മാറ്റുന്നതിന് മുന്‍പ് തന്നെ പരുന്ത് ആക്രമിച്ചതോടെയാണ് പാമ്പ് ഇവരുടെ കൈത്തണ്ടയില്‍ ചുറ്റി വരിഞ്ഞത്. കൈകുടയാനുള്ള ശ്രമത്തിനിടെ പാമ്പും ഇവരെ ആക്രമിച്ചു. ഏറെ നേരത്തെ ആക്രമണത്തിനൊടുവില്‍ പാമ്പിനെ യുവതിയുടെ കയ്യില്‍ നിന്ന് തിരികെ എടുക്കാന്‍ പരുന്തിന് സാധിച്ചതാണ് ആക്രമണത്തില്‍ നിന്ന് ഇവര്‍ക്ക് രക്ഷയായത്.
ഓരോ വർഷവും 5.4 ദശലക്ഷം ആളുകൾക്ക് പാമ്പ് കടിയേല്‍ക്കുന്നതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. പാമ്പ് കടിയേൽക്കുന്നത് പക്ഷാഘാതം, വൃക്ക തകരാർ, ടിഷ്യു കേടുപാടുകൾ എന്നിവയ്ക്കും കാരണമാകും. ഇത് സ്ഥിരമായ വൈകല്യത്തിലേക്കും നയിച്ചേക്കാമെന്നും വിദഗ്ധര്‍ പറയുന്നു. പാമ്പ് കടിയേറ്റതാണെന്ന് മനസിലായാൽ സ്വയം ചികിത്സയക്ക് മുതിരാതെ ഉടൻ തന്നെ ആശുപത്രിയിലെത്തിക്കുക. പാമ്പ് കടിയേറ്റ ഭാഗത്ത് മുറിവുണ്ടാക്കി രക്തമൊഴുക്കുന്നതും, ചരട് വലിച്ചു കെട്ടുന്നതും, രക്തം വായിൽ വലിച്ചൂറ്റിക്കളയുന്നതുമൊന്നും ഫലപ്രദമായ ചികിത്സയല്ലെന്നാണ് ഡോക്ടർമാർ വിശദമാക്കുന്നത്.