കൊച്ചി : പോപ്പുലര്‍ കേസുകള്‍ക്ക് മാത്രമായി പ്രത്യേക കോടതി വരുന്നു. പോപ്പുലര്‍ ഗ്രൂപ്പ് ഇന്‍വെസ്റ്റേഴ്സ് അസോസിയേഷന്‍ (പി.ജി.ഐ.എ) WP(C) 4998/2021 നമ്പരായി ഹൈക്കോടതിയില്‍ നല്‍കിയ റിട്ട് ഹര്‍ജിയെത്തുടര്‍ന്നാണ് നടപടി. പി.ജി.ഐ.എക്കുവേണ്ടി ന്യൂട്ടന്‍സ് ലോ അഭിഭാഷകരായ മനോജ് വി.ജോര്‍ജ്ജ്, രാജേഷ് കുമാര്‍ ടി.കെ എന്നിവര്‍ ഹാജരായി. മുന്‍ മന്ത്രി ആര്‍. ബാലകൃഷ്ണപിള്ള പ്രതിയായ ഇടമലയാര്‍ കേസിലും ഓര്‍ത്തഡോക്സ് – യാക്കോബായ കേസുകളിലും കേരളത്തില്‍ പ്രത്യേക കോടതി അനുവദിച്ചിരുന്നു. പ്രത്യേക കോടതി വരുന്നതോടെ കേസുകള്‍ തീര്‍പ്പാക്കുന്നതിനുള്ള കാലതാമസം ഒഴിവാകും. പോപ്പുലര്‍ കേസുകള്‍ എല്ലാം ഒരു കോടതിയുടെ പരിധിയില്‍ ആകുന്നതോടെ പരാതിക്കാര്‍ക്കും കൂടുതല്‍ സൌകര്യമാകും. മുപ്പതിനായിരം നിക്ഷേപകരാണ് പരാതിയുമായുള്ളത്. 1600 കോടിയോളം രൂപയാണ് ഉടമകള്‍ നിക്ഷേപകര്‍ക്ക് നല്‍കേണ്ടത്.
പോപ്പുലര്‍ നിക്ഷേപ തട്ടിപ്പ് CBI, SFIO, ED എന്നീ കേന്ദ്ര എജന്‍സികളാണ് ഇപ്പോള്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. ഓസ്ട്രേലിയ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളിലേക്കാണ് പ്രതികള്‍ പണം കടത്തിയത്. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ചില ജീവനക്കാര്‍ക്കും തട്ടിപ്പില്‍ പങ്കുണ്ട്. ഇത് സംബന്ധിച്ച വിശദമായ അന്വേഷണവും മൊഴിഎടുക്കലുമാണ് നടന്നുകൊണ്ടിരിക്കുന്നത്. അന്വേഷണത്തില്‍ ഇന്റര്‍പോളിന്റെ സഹായവും തേടിയിട്ടുണ്ട്. കോന്നി വകയാറില്‍ ആയിരുന്നു പോപ്പുലര്‍ ഫിനാന്‍സിന്റെ ആസ്ഥാനം. സ്ഥാപന ഉടമകളായ വകയാര്‍ ഇണ്ടിക്കാട്ടില്‍ തോമസ് ദാനിയേല്‍ (റോയി), ഭാര്യ പ്രഭാ തോമസ്, മക്കളായ റിനു, റിയ, റീബാ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ഇപ്പോള്‍ ഇവര്‍ ജാമ്യത്തില്‍ പുറത്താണ്.
പ്രതികള്‍ വളരെ ആസൂത്രിതമായാണ് തട്ടിപ്പ് നടത്തിയത്. 2013 – 14 മുതല്‍ തട്ടിപ്പിനുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി നിക്ഷേപകര്‍ക്ക് നല്‍കിയത് കടലാസ് കമ്പിനികളുടെ രസീതുകളാണ്. ലക്ഷങ്ങള്‍ നിക്ഷേപിച്ചവര്‍ ഇതൊന്നും പരിശോധിച്ചിരുന്നില്ല. നിക്ഷേപമായി ലഭിച്ച കോടികള്‍ പലപ്പോഴായി വിദേശത്തേക്ക് കടത്തി. ഓസ്ട്രേലിയയില്‍ ബിസിനസ് തുടങ്ങാനും ഇവര്‍ പദ്ധതിയിട്ടിരുന്നു. പെട്ടെന്നൊരു ദിവസം കുടുംബമായി ഓസ്ട്രേലിയയിലേക്ക് കടക്കാനായിരുന്നു പദ്ധതി. വിദേശത്ത് എത്തിക്കഴിയുമ്പോള്‍ പത്തനംതിട്ട കോടതിയില്‍ നല്‍കുവാനുള്ള 16000 പേജുള്ള പാപ്പര്‍ ഹര്‍ജിയും ഇവര്‍ മാസങ്ങള്‍ക്ക് മുമ്പേ തയ്യാറാക്കിയിരുന്നു. ഏറണാകുളത്തുള്ള അഭിഭാഷകരായിരുന്നു ഇതിനുള്ള ചുമതല ഏറ്റിരുന്നത്. മറ്റുള്ള മാധ്യമങ്ങള്‍ വാര്‍ത്ത മൂടിവെച്ചെങ്കിലും പത്തനംതിട്ട മീഡിയാ ഈ വാര്‍ത്ത പുറത്തെത്തിച്ചു. ഇതോടെയാണ് ഇവരുടെ പദ്ധതികള്‍ പാളിയതും പിടിയിലായതും.