കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് കൊലക്കേസ് പ്രതി രക്ഷപ്പെട്ട സംഭവം പ്രത്യേക സംഘം അന്വേഷിക്കും. മെഡിക്കൽ കോളേജ് എസിപി കെ.സുദർശൻ അന്വേഷണ സംഘത്തിന് നേതൃത്വം നൽകുമെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ഡോ. എ.ശ്രീനിവാസ് പറഞ്ഞു. പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസിലെ പ്രതി വിനീഷ് ഇന്നലെ രാത്രിയാണ് രക്ഷപ്പെട്ടത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൂന്ന് ദിവസം മുൻപാണ് ഇയാളെ കുതിരവട്ടത്ത് എത്തിച്ചത്.
ഇന്നലെ രാത്രി ഇയാൾക്കൊപ്പം സെല്ലിലുണ്ടായിരുന്ന മറ്റൊരു അന്തേവാസിയുടെ വിരലിൽ മോതിരം കുരുങ്ങിയിരുന്നു. തുടർന്ന് ഇത് അഴിച്ചു മാറ്റാൻ അഗ്നിരക്ഷാ സേന സെല്ലിൽ എത്തി. അഗ്നിരക്ഷാ സേനയ്ക്ക് വേണ്ടി സെൽ തുറന്ന സമയത്ത് ഇയാൾ ഇവിടെ നിന്ന് രക്ഷപ്പെട്ടിരിക്കാമെന്നാണ് സൂചന. റിമാൻഡിലിരിക്കെ വിനീഷ് നേരത്തെ ആത്മഹത്യാശ്രമം നടത്തിയിരുന്നു.
കഴിഞ്ഞ മെയ് മാസത്തിൽ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട അന്തേവാസി വാഹനാപകടത്തിൽ മരിച്ചിരുന്നു. റിമാൻഡ് പ്രതിയായിരുന്ന മലപ്പുറം സ്വദേശി മുഹമ്മദ് ഇർഫാനാണ് കുതിരവട്ടത്ത് നിന്ന് രക്ഷപ്പെട്ട ശേഷം കോട്ടക്കലിൽ വാഹനാപകടത്തിൽ മരിച്ചത്. വാഹന മോഷണക്കേസുകളിൽ റിമാൻഡിലായിരുന്ന മുഹമ്മദ് ഇർഫാനെ, മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്നാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. മൂന്നാം വാർഡിലെ സെല്ലിലുണ്ടായിരുന്ന ഇർഫാൻ സ്പൂണ് ഉപയോഗിച്ച് കുളിമുറിയുടെ ഭിത്തി തുരന്ന് പുറത്തുകടക്കുകയായിരുന്നു. ഈ സംഭവത്തിൽ സുരക്ഷാ വീഴ്ച ആരോപിച്ച് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ട് കെ.സി.രമേശനെ സസ്പെൻഡ് ചെയ്തിരുന്നു. നടപടിയിൽ പ്രതിഷേധിച്ച് സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ രംഗത്തെത്തിയതോടെയാണ് സസ്പെൻഷൻ പിൻവലിച്ചത്.
മാനസികാരോഗ്യ കേന്ദ്രത്തിലെ അനാസ്ഥയ്ക്ക് പിന്നാലെ സർക്കാർ ചില നടപടികൾ പ്രഖ്യാപിച്ചിരുന്നു. കുതിരവട്ടത്ത് സുരക്ഷ കർശനമാക്കാൻ 4 പേരെ അധികമായി നിയമിക്കുകയും പാചക ജീവനക്കാരുടെ തസ്തികയിൽ നിയമനം നടത്താൻ ധനവകുപ്പിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ചികിത്സ കഴിഞ്ഞിട്ടും ബന്ധുക്കൾ കൊണ്ടു പോകാത്തവരെ പുനരധിവസിപ്പിക്കാൻ മൂന്ന് ചികിത്സാ കേന്ദ്രങ്ങളിലും ക്രമീകരണം ഏർപ്പെടുത്തുമെന്നും ആരോഗ്യമന്ത്രി പറഞ്ഞിരുന്നു.