മോസ്കോ: റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയെ കാണാനില്ലെന്ന് റിപ്പോർട്ട്. അലക്സി നവാൽനിയുടെ അഭിഭാഷകരാണ് ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയത്. മോസ്‌കോയിലെ അതീവ സുരക്ഷാ ജയിലില്‍ തടവുകാരനായി കഴിയുന്ന നവാല്‍നി ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ലെന്ന് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ കൂടിയായ അഭിഭാഷകരാണ് പറഞ്ഞത്. അലക്സി നവാൽനി ജയിലില്‍ ഇല്ലെന്ന് അധികൃതര്‍ അറിയിച്ചതായി അഭിഭാഷകർ പറഞ്ഞു. ആറ് ദിവസമായി അലക്സി നവാൽനിയുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും അഭിഭാഷകർ വിവരിച്ചു.
റഷ്യൻ പ്രസിഡന്‍റ് വ്ലാഡ്മിർ പുടിന്‍റെ കടുത്ത വിമർശകനാണ് പ്രതിപക്ഷ നേതാവായ അലക്സി നവാൽനി. റഷ്യന്‍ പ്രസിഡന്റ് തെരഞ്ഞടുപ്പ് അടുത്തിരിക്കെയാണ് നവാൽനിയെ കാണാതായിരിക്കുന്നത്. വരുന്ന തെരഞ്ഞെടുപ്പിൽ പുടിന്‍റെ പ്രധാന എതിരാളികളിൽ ഒരാളായാണ് നവാൽനിയെ കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ നവാൽനിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പുടിനെതിരെയും വിമർശനം ശക്തമായിട്ടുണ്ട്. 47 കാരനായ നവാല്‍നിയെ വിവിധ കുറ്റങ്ങൾ ചുമത്തിയാണ് നേരത്തെ ജയിലിലടച്ചത്. 30 വര്‍ഷം തടവുശിക്ഷയാണ് നവാൽനിക്ക് വിധിച്ചിരിക്കുന്നത്. ജയിൽശിക്ഷക്കെതിരെ തന്നെ പ്രതിപക്ഷം വിമർശനം ഉന്നയിക്കുന്നതിനിടെയാണ് നവാൽനിയെ കാണാനില്ലെന്ന വാർത്ത കൂടി പുറത്തുവന്നിരിക്കുന്നത്.