കോഴിക്കോട്: കുറ്റ്യാടി, കായക്കൊടി പഞ്ചായത്തുകളിലുള്ളവരെ മണിക്കൂറുകളോളം ഭീതിയിലാഴ്ത്തിയ തെരുവുനായയെ ഒടുവിൽ നാട്ടുകാര്‍ ചേര്‍ന്ന് തല്ലിക്കൊന്നു. കായക്കൊടി പഞ്ചായത്തിലെ കരയത്താം പൊയിലിലാണ് നാട്ടുകാർ നായയെ തല്ലിക്കൊന്നത്. ചെറിയ കുട്ടികളടക്കം പത്തോളം പേരെയാണ് മൊകേരി ഭാഗത്ത് നായ കടിച്ചുപരിക്കേൽപിച്ചത്. രാവിലെ മുതൽ ഭീതിയിലായിരുന്നു ഈ പ്രദേശങ്ങൾ, ഇന്നലെ വൈകുന്നേരവും ചിലർക്കു നായയുടെ കടിയേറ്റു.
ആളുകളെ കടിച്ച നായ കായക്കൊടി ഭാഗത്തേക്ക് ഓടി രക്ഷപ്പെട്ടെങ്കിലും നാട്ടുകാർ പിന്തുടർന്നു തല്ലിക്കൊല്ലുകയായിരുന്നു. പേവിഷബാധയുണ്ടൊയെന്ന് പരിശോധന നടത്തിയ ശേഷം നായയുടെ ജഡം മറവ് ചെയ്യും.