കല്‍പ്പറ്റ: വയനാട്ടില്‍ വയോധികയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി. പനമരം പൊലീസ് സ്റ്റേഷന് പരിധിയിലെ പരിയാരത്ത് കബനി പുഴയിലാണ് 75 – കാരിയുടെ മൃതദേഹം കണ്ടെത്തിയത്. കൂളിവയല്‍ കാലായില്‍ അമ്മിണിയാണ് മരിച്ചത്. ഞായറാഴ്ച ഉച്ച കഴിഞ്ഞാണ് പുഴയില്‍ കമിഴ്ന്ന് കിടക്കുന്ന രീതിയില്‍ മൃതദേഹം കണ്ടത്.
നാട്ടുകാര്‍ നല്കിയ വിവരത്തെ തുടര്‍ന്ന് പനമരം പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസ് നിഗമനം. മൃതദേഹത്തിന് സമീപത്ത് നിന്ന് ലഭിച്ച മരുന്ന് ചീട്ടില്‍ നിന്നുമാണ് ആളെ തിരിച്ചറിയാന്‍ കഴിഞ്ഞത്. ഇവര്‍ കഴിഞ്ഞ വ്യാഴാഴ്ച പനമരം ആശുപത്രിയിലേക്ക് മരുന്നിനായി പോയതായിരുന്നു.
തുടര്‍ന്ന് തിരിച്ചു വരാത്തതിനാല്‍ മകന് ബന്ധുവീടുകളിലും മറ്റും അന്വേഷിച്ച് നടക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭര്‍ത്താവ്: പരേതനായ കൃഷ്ണന്‍കുട്ടി. മക്കള്‍: ബാലന്, ഓമന. മരുമക്കള്‍: ശോഭ, ബേബി.