കോട്ടയം : നീണ്ടൂരിൽ വീട് വാടകയ്ക്ക് എടുത്ത് കഞ്ചാവ് കച്ചവടം നടത്തി വന്ന സംഘത്തെ ഏറ്റുമാനൂർ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഒന്നേകാൽ കിലോ കഞ്ചാവ് സംഘത്തിൽ നിന്നും പിടിച്ചെടുത്തു. നീണ്ടൂർ ആയിര വേലി ഭാഗത്ത് വില്ലൂന്നി സ്വദേശികളായ യുവാക്കളാണ് വീട് വാടകയ്ക്കെടുത്ത് കഞ്ചാവ് കച്ചവടം നടത്തിയത്.
റൊണാൾഡോ എന്ന ടുട്ടു, അജിത്ത് എന്നിവരാണ് അറസ്റ്റിലായയത്. എക്സൈസ് സംഘം എത്തിയതോടെ മൂവർ സംഘത്തിലെ ഒരാൾ ഓടി രക്ഷപ്പെട്ടു. വീട് വാടകയ്ക്ക് എടുത്ത വില്ലുന്നി സ്വദേശി ജിത്തുവാണ് രക്ഷപ്പെട്ടത്. ഒന്നര കിലോ കഞ്ചാവ് വീട്ടിൽനിന്ന് കണ്ടെടുത്തു. ഗാന്ധിനഗർ ഏറ്റുമാനൂർ പൊലീസ് സ്റ്റേഷൻ പരിധികളിൽ പല കേസുകളിലും ഇവർ പ്രതികളാണെന്നും എക്സസൈസ് അറിയിച്ചു. ഏറ്റുമാനൂർ എക്സൈസ് ഇൻസ്പെക്ടർ സജിത്തിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് റെയ്ഡ് നടത്തിയത്.
അതേ സമയം, തൃശ്ശൂർ കാട്ടൂരിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി അഞ്ചുപേർ പിടിയിലായി. ലിതിൻ, ഫിന്‍റോ, അലെന്‍റ, അബിൻ രാജ്, യദു കൃഷ്ണ എന്നിവരെയാണ് കാട്ടൂർ പൊലീസ് പിടികൂടിയത്. ആളൊഴിഞ്ഞ പറമ്പിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇവരിൽ നിന്ന് കഞ്ചാവും പിടികൂടിയിട്ടുണ്ട്. പിടിയിലായ ലിതിൻ വധശ്രമം,ഭവനഭേദനം എന്നീ കേസുകളിൽ പ്രതിയാണ്. അബിൻ രാജ് മണ്ണുത്തി പോലീസ് സ്റ്റേഷനിലെ കിഡ്നാപ്പിങ് കേസിൽ പ്രതിയാണ്. മറ്റൊരു പ്രതിയായ ഫിന്റോ ടൂറിസ്റ്റ് ബസ് ഉടമയാണ്. ടൂറിസ്റ്റ് ബസിന്റെ മറവിൽ കാലങ്ങളായി എംഡിഎംഎ ലഹരി വില്പന നടത്തി വരികയായിരുന്നുവെന്നാണ് വിവരം.