വന്യജീവികള്‍ കാടിറങ്ങി വന്ന് മനുഷ്യന്‍റെ സ്വൈര്യ ജീവിതത്തിന് മേല്‍സൃഷ്ടിക്കുന്ന നാശനഷ്ടങ്ങളെ കുറിച്ച് മലയാളിയോട് പറയേണ്ടതില്ല. കാരണം അടുത്തകാലത്തായി കേരളത്തിന്‍റെ കിഴക്കന്‍ മേഖലകളില്‍ നിന്നുള്ള പ്രധാന വാര്‍ത്ത വന്യജീവി ആക്രമണമാണ്. കഴിഞ്ഞ മാസമാണ് പാലക്കാടും വയനാടും ഓരോ കാട്ടാനകളെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. അതിന് പുറമേയായിരുന്നു വയനാട്ടില്‍ നിന്ന് കൊലയാളിയായ ഒരു കടുവയെ പിടികൂടിയതും. ഇപ്പോഴും പാലക്കാട്, വയനാട് തുടങ്ങിയ സഹ്യപര്‍വ്വതവുമായി അടുത്ത് കിടക്കുന്ന ജില്ലകളില്‍ വന്യജീവി അക്രമണം നിര്‍ബാധം തുടരുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇതിനിടെയാണ് ഇന്ത്യൻ ഫോറസ്റ്റ് സർവീസസ് ഓഫീസർ സുശാന്ത നന്ദ തന്‍റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവച്ച ഒരു വീഡിയോ നെറ്റിസണ്‍സിനിടെയില്‍ തരംഗമായത്. വാഹനങ്ങള്‍ ഏറെയുള്ള ഒരു ഹൈവേയ്ക്ക് പുറത്ത് ഒരു കടുവ നില്‍ക്കുന്നതില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ഒരു വലിയ കണ്ടെയ്നര്‍ ലോറി കടന്ന് പോകുന്നത് വരെ കടുവ റോഡരികില്‍ കാത്ത് നിന്നു. ലോറികള്‍ പോയി റോഡ് ‘ക്ലിയര്‍’ ആയതിന് പിന്നാലെ കടുവ റോഡ് മുറിച്ച് കടക്കുകയും കുറ്റിക്കാട്ടില്‍ മറയുകയുമായിരുന്നു.
This is how far the
‘development’ has taken our wildlife. pic.twitter.com/9J5eRrb8sd— Susanta Nanda IFS (@susantananda3) February 7, 2023
വീഡിയോ പങ്കുവച്ച് കൊണ്ട് സുശാന്ത നന്ദ ഐഎഫ്എസ് ഇങ്ങനെ എഴുതി, ‘വികസനം നമ്മുടെ വന്യമൃഗങ്ങളെ എത്ര ദൂരത്തേക്ക് കൊണ്ടുപോയി.’ ഒറ്റ ദിവസത്തിനുള്ളില്‍ വീഡിയോ 4.5 ലക്ഷത്തിലധികം പേരാണ് കണ്ടത്. പതിനായിരത്തിന് മേലെ ആളുകള്‍ വീഡിയോ ലൈക്ക് ചെയ്തു. നിരവധി കമന്‍റുകളും വീഡിയോയ്ക്ക് ലഭിച്ചു. “ഇത് വളരെ സങ്കടകരവും അപകടസാധ്യതയുള്ളതുമാണ്. എന്തുകൊണ്ടാണ് അണ്ടർ പാസുകൾ നിർമ്മിക്കാൻ കഴിയാത്തത്? രാത്രിയിൽ അമിതവേഗതയിൽ വരുന്ന വാഹനം അവനെ ഇടിച്ചാലോ?” എന്ന് ഒരാള്‍ ആധിപൂണ്ടു. “വനമേഖലകളിൽ എലിവേറ്റഡ് റോഡുകൾ വേണം. എലിവേറ്റഡ് റോഡുകൾക്ക് സഹായകമായി ഉയർന്ന വ്യൂവിംഗ് പോയിന്‍റുകളും വിശ്രമ സൗകര്യങ്ങളും നിർമ്മിക്കുന്നതിലൂടെ, ചെലവും ഗണ്യമായി വീണ്ടെടുക്കാൻ കഴിയും,” മറ്റൊരാൾ നിർദ്ദേശിച്ചു. മറ്റൊരാള്‍ ഗതാഗതമന്ത്രി നിതിന്‍ ഗഡ്ക്കരിയെ ടാഗ് ചെയ്തുകൊണ്ട് എഴുതിി, ‘ഇത് വളരെ സങ്കടകരമാണ്.. സുരക്ഷിതമായ വന്യജീവി ക്രോസ് ഓവർ പാസ്സ് ഇത്തരം പ്രദേശങ്ങളിൽ അനിവാര്യമാണ്.’ എന്ന്.