ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷത്തില്‍ ഗാസ ഉപരോധത്തിനെതിരെ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. ഭക്ഷണവും വെള്ളവും നിഷേധിച്ചുള്ള ഇസ്രയേലിന്റെ സമ്പൂര്‍ണ ഗാസ ഉപരോധം ഇസ്രയേലിന് തന്നെ തിരിച്ചടിയാകുമെന്ന് ഒബാമ പറഞ്ഞു. ഇസ്രയേലിനോടുള്ള പലസ്തീന്‍ ജനതയുടെ വിരോധം തലമുറകളോളം ഇക്കാരണത്താല്‍ നിലനില്‍ക്കുമെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു.
മാനുഷികസഹായം നിഷേധിക്കുന്ന ഏത് സൈനിക തന്ത്രവും ആത്യന്തികമായ തിരിച്ചടിയായി മാറാം. ബന്ദികളാക്കിയ ജനതയ്ക്ക് ഭക്ഷണം, വെള്ളം, വൈദ്യുതി തുടങ്ങിയവ നിഷേധിക്കുന്ന നടപടി മാനുഷിക പ്രതിസന്ധിയെ കൂടുതല്‍ വഷളാക്കും. ഇസ്രയേലിനെ കുറിച്ചുള്ള പലസ്തീന്റെ മനോഭാവത്തെ തലമുറകളോളം ഇത് ബാധിക്കുകയും ഇസ്രയേലിന് മേലുള്ള ആഗോള പിന്തുണ ഇല്ലാതാക്കുകയും ചെയ്യും. ഇസ്രയേലിന്റെ ശത്രുക്കള്‍ കൂടുതല്‍ ശക്തിപ്പെടാനും ഈ മേഖലയില്‍ സമാധാനം തിരികെ കൊണ്ടുവരാനുള്ള ദീര്‍ഘകാല ശ്രമങ്ങള്‍ വഴിതെറ്റാനും ഇത് കാരണമാകുമെന്നും ഒബാമ ചൂണ്ടിക്കാട്ടി.