തിരുവനന്തപുരം:പട്ടികജാതി വിഭാഗങ്ങളുടെ ഭവന പൂർത്തീകരണവും പുനരുദ്ധാരണവും ലക്ഷ്യമിട്ടുകൊണ്ട് നടപ്പിലാക്കുന്ന “സേഫ്” പദ്ധതി പ്രകാരം രണ്ട് വർഷമായി ആകെ 12,356 പേർക്ക് ധനസഹായം അനുവദിച്ചുവെന്ന് മന്ത്രി ഒ.ആർ കേളു. 2022- 23 സാമ്പത്തിക വർഷത്തിൽ 5,842പേർക്കും 2023-24 ൽ 6,514 പേർക്കുമാണ് ധനസഹായം അനുവദിച്ചത്. ഇതിൽ 6,215 ഭവനങ്ങളുടെ നവീകരണം പൂർത്തീകരിച്ചുവെന്ന് നിയമസഭയിൽ വി. ശശി, സി.കെ. ആശ, വി.ആർ. സുനിൽകുമാർ, സി.സി. മുകുന്ദൻ എന്നിവ ർക്ക് മന്ത്രി മറുപടി നൽകി.
അർഹരായ പട്ടികജാതി ഗുണഭോക്താക്കൾക്ക് ഭവന പൂർത്തീകരണം-പുനരുദ്ധാരണത്തിനായി രണ്ടു ലക്ഷം രൂപ വീതമാണ് അനുവദിച്ചത്. ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പടുത്തിയാണ് ഭവനരഹിതരായ പട്ടിക ജാതി വിഭാഗങ്ങൾക്ക് ഭവന നിർമാണ ധനസഹായം അനുവദിക്കുന്നത്. 2017- 18 മുതൽ നാളിതുവരെ ലൈഫ് മിഷൻ മുഖേന 75,655 പേർക്ക് വീടുകൾ അനുവദിച്ചതിൽ 53,350 വീടുകളുടെ നിർമാണം പൂർത്തിയാക്കി. ശേഷിക്കുന്ന വീടുകളുടെ നിർമാണം പുരോഗമിക്കുന്നു.
ജില്ലാതലത്തിലും സർക്കാർ തലത്തിലും കൃത്യമായ അവലോകന യോഗങ്ങൾ നടത്തി നിർമാണ പുരോഗതി വിലയിരുത്തി ആവശ്യമായ നിർദേശങ്ങൾ നൽകുന്നുണ്ട്.