മലപ്പുറം : ശക്തമായ കാറ്റിലും മഴയിലും പെരിന്തൽമണ്ണ – വളാഞ്ചേരി സംസ്ഥാന പാതയിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് ആൽമരം പൊട്ടിവീണ് അപകടം. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. എടയൂർ റോഡിനും മൂർക്കനാട് റോഡിനുമിടയിൽ കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചോടെയാണ് അപകടമുണ്ടായത്.
മൂന്നംഗ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. റോഡരികിലെ കാലപ്പഴക്കമെത്തിയ കൂറ്റൻ ആൽമരത്തിൻ്റെ കൊമ്പുകളാണ് റോഡിനു കുറുകെ പൊട്ടിവീണത്. സമീപത്തെ വൈദ്യുതി ലൈനിനു മുകളിലേക്ക് മരക്കൊമ്പുകൾ വീണതിനാൽ കാലുകൾ തകർന്ന് വൈദ്യുതി വിതരണം തടസ്സപ്പെട്ടു.
കരിങ്ങനാട് സ്വദേശി അൽത്വാഫും ഭാര്യയും കുട്ടിയുമാണ് കാറിൽ ഉണ്ടായിരുന്നത്. വെങ്ങാട്ടെ ബന്ധുവീട്ടിൽ നിന്ന് മടങ്ങും വഴിയാണ് കാർ അപകടത്തിൽ പെട്ടത്. തകർന്ന കാറിന്റെ ഡോറുകൾ ലോക്കായതിനെ തുടർന്ന് വാഹനത്തിനകത്ത് കുടുങ്ങിയ ഇവരെ ഏറെ നേരത്തെ പരിശ്രമത്തെ തുടർന്നാണ് പുറത്തെത്തിച്ചത്.
പെരിന്തൽമണ്ണയിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയും കൊളത്തൂർ പൊലീസും നാട്ടുകാരും ചേർന്ന് പൊട്ടിവീണ മരച്ചില്ലകൾ നീക്കി വൈകുന്നേരം ആറരയോടെ ഗതാഗതം പുനസ്ഥാപിച്ചു. ഇതേ റൂട്ടിൽ നിരവധി മരങ്ങൾ അപകട ഭീഷണി ഉയർത്തുന്നുണ്ടെന്നും അവ മുറിച്ചു മാറ്റണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.