ദില്ലി : ദില്ലിയിഷ മാലിന്യ കൂമ്പാരത്തിൽ നിന്ന് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയ ഉടൻ തന്നെ വസന്ത് കുഞ്ചിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കുട്ടി ഇപ്പോൾ സുഖം പ്രാപിച്ചുവരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഒക്ടോബർ എടടിന് രാവിലെ 8.12 നാണ് നവജാത ശിശുവിനെ മാലിന്യകൂമ്പാരത്തിൽ കണ്ടെത്തിയെന്ന് അറിയിച്ച് സന്ദേശം ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു.
സംഭവം വിളിച്ച് അറിയിച്ചയാളുടെ വീടിന് സമീപത്തുവച്ചാണ് കുഞ്ഞിനെ കണ്ടെത്തിയത്. നല്ല മഴ ആയതിനാൽ കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയിരുന്നു. തുടർന്നാണ് പൊലീസിനെ വിവരമറിയിച്ചത്. പൊലീസ് വന്നതോടെ കുട്ടിയെ അന്വേഷണ ഉദ്യോഗസ്ഥന് കൈമാറി. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ കുട്ടിയെ വസന്ത് കുഞ്ചിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ പ്രാഥമിക ചികിത്സയിലാണ് കുട്ടി ഇപ്പോൾ. നിയമാനുസൃതമായ തുടർ നിയമനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
പ്രാഥമിക പരിശോധനയിൽ, കുഞ്ഞ് ജനിച്ചത് 24-48 മണിക്കൂറിനുള്ളിൽ ആണെന്ന് കണ്ടെത്തി, നീലനിറത്തിൽ കാണപ്പെട്ട കുഞ്ഞിന്റെ ശരീരഭാരം രണ്ട് കിലോഗ്രാം മാത്രമായിരുന്നു. നവജാതശിശുവിന് സാധാരണ ഉണ്ടാേണ്ട ഭാരത്തേക്കാൾ കുറവാണ് ഇത്. കുഞ്ഞ് മഴ കാരണം നനഞ്ഞിരുന്നുവെന്നും മാസം തികയാ പ്രസവിച്ച കുഞ്ഞാണെന്നും ശരീര താപനില സാധാരണയായി ഉണ്ടാകേണ്ട 36.4 ഡിഗ്രി സെൽഷ്യസിനേക്കാൾ കുറഞ്ഞ് 33 ഡിഗ്രി സെൽഷ്യസായാണ് കാണപ്പെട്ടതെന്നും ഡോക്ടർ പറഞ്ഞു. കുട്ടി ഇപ്പോൾ നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലാണ്. കുട്ടി ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടർ പറഞ്ഞു.
സുഖം പ്രാപിച്ച ശേഷം സാധ്യമെങ്കിൽ കുട്ടിയെ ദത്തെടുക്കുന്നതിൽ സന്തോഷമുണ്ടെന്ന് കുഞ്ഞിനെ മാലിന്യത്തിൽ നിന്ന് കണ്ടെത്തിയവർ പറഞ്ഞു. “ഞങ്ങൾ രാവിലെ നടക്കാനിറങ്ങിയതായിരുന്നു. അപ്പോഴാണ് മാലിന്യ കൂമ്പാരത്തിൽ വസ്ത്രമില്ലാതെ കിടക്കുന്ന കുഞ്ഞിനെ കണ്ടത്. ഞങ്ങൾ ഉടൻ തന്നെ ലോക്കൽ പൊലീസിനെ വിവരമറിയിച്ചു. അവർ നവജാതശിശുവിനെ വസന്ത് കുഞ്ചിലെ ആശുപത്രിയിലേക്ക് കൊണ്ടുവന്നു. കുട്ടിയെ ദത്തെടുക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്” അവർ പറഞ്ഞു.
യുനിസെഫിന്റെ കണക്കനുസരിച്ച് ഇന്ത്യയിൽ 29.6 ദശലക്ഷം അനാഥരും ഉപേക്ഷിക്കപ്പെട്ടവരുമായ കുട്ടികളുണ്ട്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ 2020 റിപ്പോർട്ട് പ്രകാരം 2015-2020 കാലയളവിൽ ഇന്ത്യയിൽ ഏറ്റവുമധികം ശിശുക്കൾ ഉപേക്ഷിക്കപ്പെട്ട സംസ്ഥാനങ്ങളുടെ പട്ടികയിൽ ദില്ലി നഗരം ഒന്നാമതാണ്.