തലശ്ശേരി: വിവാഹമോചന പരാതിയുമായി ഓഫിസിലെത്തിയ സ്‌ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ തലശ്ശേരി ബാറിലെ രണ്ട് അഭിഭാഷകർ അറസ്‌റ്റിൽ. അഡ്വ. എം.ജെ. ജോൺസൺ, അഡ്വ. കെ.കെ. ഫിലിപ്പ് എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്.
ഇവരെ വൈദ്യപരിശോധനക്കുശേഷം തലശ്ശേരി ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. കേസുമായി അഭിഭാഷക ഓഫിസിലെത്തിയ കോഴിക്കോട് സ്വദേശിനിയെ ഓഫിസിലും വീട്ടിലും വെച്ച് പീഡിപ്പിച്ചെന്നാണ് കേസ്.
തലശ്ശേരി എസ്.എച്ച്.ഒവിന് നൽകിയ പരാതിയിൽ കേസെടുത്തെങ്കിലും പ്രതികൾ ഹൈകോടതിയിൽനിന്ന് മുൻകൂർ ജാമ്യം നേടിയിരുന്നു. 2023 ഒക്‌ടോബർ 18നാണ് ഹൈകോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. ഇത് ചോദ്യം ചെയ്‌ത ഇരയായ സ്‌ത്രീ നൽകിയ അപ്പീൽ പരിഗണിച്ച സുപ്രീംകോടതി കഴിഞ്ഞ വർഷം ഡിസംബർ ഒന്നിന് മുൻകൂർ ജാമ്യം റദ്ദാക്കി. പ്രതികൾ ഒളിവിൽ പോയതിനാൽ അറസ്‌റ്റ് വൈകി.
ഇതിനെതിരെ ഇരയായ സ്‌ത്രീ നൽകിയ അപ്പീൽ കഴിഞ്ഞ ഏപ്രിൽ 22ന് ജസ്‌റ്റിസ് ഋഷികേശ് റോയി, ജസ്‌റ്റിസ് പ്രശാന്ത്‌കുമാർ മിശ്ര എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിച്ച് നാലാഴ്‌ചത്തേക്ക് മാറ്റിയിരുന്നു. ഇതിനിടെ, അന്വേഷണ ഉദ്യോഗസ്ഥനായ എ.എസ്.പി അരുൺ കെ. പവിത്രൻ മുമ്പാകെ തലശ്ശേരി എ.എസ്.പി ഓഫിസിൽ പ്രതികൾ തിങ്കളാഴ്ച കീഴടങ്ങുകയായിരുന്നു.
കണ്ണൂർ യൂനിവേഴ്‌സിറ്റിയുടെ സ്ഥലമെടുപ്പ് സംബന്ധിച്ച് വിജിലൻസ് അന്വേഷണം നേരിടുന്നവരാണ് ആരോപണ വിധേയരായ അഭിഭാഷകർ. എം.ജെ. ജോൺസൺ യു.ഡിഎഫ് ഭരണകാലത്ത് തലശ്ശേരി ജില്ല കോടതിയിൽ പ്രോസിക്യൂട്ടറായിരുന്നു.