മുംബൈ : ബലൂൺ വാങ്ങിക്കൊണ്ടിരിക്കുന്നതിനിടയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ട് വയസുകാരി മരിച്ചു. മുത്തച്ഛൻ വാങ്ങിയ ബലൂണിൽ കാറ്റ് നിറയ്ക്കുന്നതിനിടെയാണ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചത്. ശനിയാഴ്ച വൈകുന്നേരം നാഗ്പൂരിൽ നിന്ന് 150 കിലോമീറ്റർ അകലെ അചൽപൂർ താലൂക്കിലെ ഷിന്ദി ഗ്രാമത്തിലാണ് സംഭവം നടന്നത്. തൻഹ പോള ഉത്സവത്തിന്റെ ഭാഗമായി മുത്തച്ഛന്റെയൊപ്പം എത്തിയതായിരുന്നു കുട്ടി. കൃഷിയിലും കാർഷിക പ്രവർത്തനങ്ങളിലും കാളകളുടെ പ്രാധാന്യം അംഗീകരിച്ച് ആഘോഷിക്കുന്ന ഉത്സവമാണ് തൻഹ പോള.
ബലൂൺ വാങ്ങുന്നതിനിടെയാണ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു. സിലിണ്ടറിന്റെ ഒരു ഭാഗം കാലിൽ തട്ടി കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പരിക്കേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയതെന്നും പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. അചൽപൂർ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.