ന്യൂഡൽഹി: ബി.ജെ.പി ഭരിക്കുന്ന ഉത്തരാഖണ്ഡ് നിയമസഭ പാസാക്കിയ ഏക സിവില്‍ കോഡ് ബില്ലിന് രാഷ്ട്രപതി ദ്രൗപതി മുര്‍മു അംഗീകാരം നല്കി. ഇതോടെ സംസ്ഥാനത്ത് ഏക സിവില്‍ കോഡ് നിയമമായി. രാജ്യത്ത് ഏക സിവില്‍ കോഡ് നിലവില്‍വരുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറി. സംസ്ഥാന സർക്കാർ വിജ്ഞാപനം പുറത്തിറക്കിയാൽ ഏക സിവില്‍ കോഡ് പ്രാബല്യത്തിലാകും.
എല്ലാ പൗരന്മാർക്കും മതഭേദമില്ലാതെ ഒരേനിയമം വ്യവസ്ഥ ചെയ്യുന്നതാണെന്ന് സർക്കാർ അവകാശപ്പെടുന്ന ഏക സിവിൽ കോഡ് ബിൽ ഫെബ്രുവരി ഏഴിനാണ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി നിയമസഭയിൽ അവതരിപ്പിച്ചത്. ജയ് ശ്രീറാം, വന്ദേ മാതരം, ഭാരത് മാതാ കീ ജയ് എന്നീ വിളികളോടെയായിരുന്നു ബില്ലിന്റെ അവതരണം. ബില്ലിനെതിരെ കോൺഗ്രസ് രംഗത്തുവന്നിരുന്നു.
വിവാഹം, വിവാഹമോചനം, ഭൂമി, സ്വത്തുക്കൾ, പിന്തുടർച്ചാവകാശം എന്നിവയിൽ എല്ലാ പൗരൻമാർക്കും തുല്യ നിയമം വ്യവസ്ഥ ചെയ്യുന്നുവെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. എന്നാൽ, ഇതിൽനിന്ന് സംസ്ഥാനത്തെ 2.9 ശതമാനം വരുന്ന പട്ടിക വർഗ വിഭാഗങ്ങളെ ഒഴിവാക്കിയിരുന്നു. കൂടാതെ ഭരണഘടനയുടെ 21ാം ഭാഗമനുസരിച്ച് ആചാരപരമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്ന വ്യക്തികളെയും ബില്ലിന്റെ പരിധിയിൽനിന്ന് ഒഴിവാക്കി. ഉത്തരാഖണ്ഡിൽ താമസിക്കുന്നവർക്കും സംസ്ഥാനത്തിനു പുറത്ത് താമസിക്കുന്ന ഉത്തരാഖണ്ഡ് സ്വദേശികൾക്കും നിയമം ബാധകമായിരിക്കും.
ബിൽ പ്രകാരം വിവാഹവും ലിവ് ഇൻ ബന്ധങ്ങളും രജിസ്റ്റർ ചെയ്യുന്നത് നിർബന്ധമാണ്. വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്നവർ ഒരു മാസത്തിനകം തങ്ങളുടെ താമസ പരിധിയിലെ രജിസ്ട്രാർക്ക് നിശ്ചിത ഫോറത്തിൽ അപേക്ഷ സമർപ്പിക്കണം. ഒരുമിച്ച് കഴിയുന്നവരിൽ ഒരാൾ പ്രായപൂർത്തി ആകാത്തയാളാണെങ്കിൽ രജിസ്ട്രേഷൻ അനുവദിക്കില്ല. നിർബന്ധിച്ചോ തെറ്റിദ്ധരിപ്പിച്ചോ അന്യായമായ സ്വാധീനം ചെലുത്തിയോ ആണ് പങ്കാളിയുടെ സമ്മതം വാങ്ങിയതെങ്കിൽ അത്തരം ബന്ധവും രജിസ്റ്റർ ചെയ്യില്ല. രജിസ്ട്രേഷൻ നടത്താതെ ഒരു മാസത്തിലധികം ഒരുമിച്ച് കഴിഞ്ഞാൽ മൂന്നു മാസം വരെ തടവോ 10,000 രൂപവരെ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം. ലിവ് ഇൻ ബന്ധത്തിലെ പങ്കാളി ഉപേക്ഷിച്ച് പോവുകയാണെങ്കിൽ സ്ത്രീക്ക് ജീവനാംശം തേടി കോടതിയെ സമീപിക്കാം. ഇത്തരം ബന്ധത്തിൽ ജനിക്കുന്ന കുട്ടിക്ക് നിയമപരമായ എല്ലാ അവകാശങ്ങളുമുണ്ടാകും.
വിവാഹ സമയത്ത് ദമ്പതികളിലാർക്കും ജീവിച്ചിരിക്കുന്ന മറ്റൊരു പങ്കാളി ഉണ്ടാകരുത്. വിവാഹത്തിന് പുരുഷന് 21 വയസ്സും സ്ത്രീക്ക് 18 വയസ്സും പൂർത്തിയായിരിക്കണം. സ്വന്തം മതാചാരപ്രകാരം വിവാഹ ചടങ്ങ് നടത്താം. ബഹുഭാര്യത്വം ബില്ലിൽ നിരോധിക്കുന്നുണ്ട്. കോടതികൾ അനുവദിക്കുന്ന വിവാഹ മോചനങ്ങൾ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം രജിസ്റ്റർ ചെയ്യണം. സ്ത്രീക്കും പുരുഷനും വിവാഹമോചനത്തിനായി കോടതിയെ സമീപിക്കാം. ഭർത്താവ് ബലാത്സംഗത്തിനിരയാക്കുകയോ പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയോ ചെയ്താലോ ഒന്നിലധികം ഭാര്യമാരുണ്ടെങ്കിലോ സ്ത്രീക്ക് വിവാഹമോചനം തേടാം. സവിശേഷ സാഹചര്യങ്ങളിൽ ഒഴികെ ദമ്പതികൾക്ക് വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനകം വിവാഹ മോചനത്തിനായി കോടതിയെ സമീപിക്കാൻ കഴിയില്ല. ആൺമക്കൾക്കും പെൺമക്കൾക്കും തുല്യ അനന്തരാവകാശമാണുള്ളത്. ദത്തെടുത്ത കുട്ടികൾക്കും സ്വന്തം മക്കൾക്കും തുല്യപരിഗണനയാണ്. ഒരു വ്യക്തി മരിച്ചാൽ പങ്കാളിക്കും മക്കൾക്കും മാതാപിതാക്കൾക്കും തുല്യ സ്വത്തവകാശമാണ്.