കൊച്ചി: പ്ലസ് വണ്‍ പ്രതിസന്ധിയില്‍ ശക്തമായ സമരം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മലബാറിലെ പ്ലസ് വണ്‍ സീറ്റുകള്‍ സംബന്ധിച്ച പ്രശ്‌നം പ്രതിപക്ഷം നിയമസഭയില്‍ അവതരിപ്പിച്ചതാണ്. സീറ്റുകള്‍ ബാക്കിയാകുമെന്നാണ് വിദ്യാഭ്യാസമന്ത്രി പറഞ്ഞത്. പിന്നെ എന്തിനാണ് 30 ശതമാനം മാര്‍ജിനല്‍ ഇന്‍ക്രീസ് നല്‍കിയത്? ഒരു ക്ലാസില്‍ ഇപ്പോള്‍ തന്നെ 50 കുട്ടികളുണ്ട്.
മാര്‍ജിനല്‍ സീറ്റു കൂടി വര്‍ധിപ്പിച്ചതോടെ ഇത് 75 ആയി ഉയരും. സമ്മേളനത്തില്‍ പ്രസംഗിക്കുന്നതു പോലെ ക്ലാസെടുക്കേണ്ട സ്ഥിതിയാണ്. ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസത്തിന്റെ നിലവാരമാണ് താഴേയ്ക്ക് പോകുന്നത്. പൊന്നാനി താലൂക്കിലെ പാവപ്പെട്ട കുട്ടിക്ക് ഏറനാട് താലൂക്കിലെ നിലമ്പൂരില്‍ അഡ്മിഷന്‍ കിട്ടിയിട്ട് കാര്യമുണ്ടോ? സ്‌റ്റേറ്റ് യൂനിറ്റാക്കുന്നതിന് പകരം താലൂക്ക് യൂനിറ്റ് ആക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതാണ്.
പത്ത് കിലോമീറ്റര്‍ ദൂരപരിധിയിലെങ്കിലും കുട്ടികള്‍ക്ക് അഡ്മിഷന്‍ കിട്ടണ്ടേ? ആദ്യ അലോട്ട്‌മെന്റില്‍ മാത്രം മലപ്പുറത്ത് പതിനേഴായിരം സീറ്റുകളാണ് ബാക്കി വന്നത്. കുട്ടികള്‍ ചേരാത്തതു കൊണ്ടാണ് സീറ്റുകള്‍ ബാക്കിയായത്. മാര്‍ജിനല്‍ ഇന്‍ക്രീസ് നല്‍കുന്നതിന് പകരം ബാച്ചുകളുടെ എണ്ണമാണ് കൂട്ടേണ്ടത്. ഇതിനെതിരെ ശക്തമായ സമരമുണ്ടാകും. സീറ്റുകള്‍ ബാക്കിയുണ്ടെങ്കില്‍ കുട്ടികള്‍ കരയേണ്ട കാര്യമില്ലല്ലോയെന്നും വി.ഡി. സതീശൻ പറഞ്ഞു.
ആദിവാസി സമൂഹത്തില്‍ നിന്നുള്ള ഒ.ആര്‍. കേളു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങല്‍ പ്രതിപക്ഷം പങ്കെടുക്കും. പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും. കെ. രാധാകൃഷ്ണനില്‍ നിന്നും കേളുവിലേക്ക് മന്ത്രി സ്ഥാനം മാറിയപ്പോള്‍ ദേവസ്വം എന്തിനാണ് എടുത്തുമാറ്റിയതെന്ന് മനസിലാകുന്നില്ല. അത് തെറ്റായ തീരുമാനമാണ്. ദേവസ്വം പോലുള്ള ഒരു വകുപ്പ് കേളുവില്‍ നിന്നും മാറ്റാന്‍ പാടില്ലായിരുന്നു.
കൊടിക്കുന്നില്‍ സുരേഷിനെ പോലെ ഏറ്റവും മുതിര്‍ന്ന പാര്‍ലമെന്റ് അംഗത്തെ പ്രോടെം സ്പീക്കര്‍ ആക്കാതിരുന്ന കേന്ദ്ര സര്‍ക്കാരിന്റെ അതേ നിലപാടാണ് ഒ.ആര്‍ കേളുവിനോട് സംസ്ഥാന സര്‍ക്കാരും കാട്ടിയത്. അര്‍ഹതപ്പെട്ട സ്ഥാനമാണ് കൊടിക്കുന്നിലിന് നിഷേധിക്കപ്പെട്ടത്. മോദിയുടെ അതേ നിലപാട് തന്നെയാണ് കേരളത്തിലും. കൊടിക്കുന്നിലിനെ അവഗണിച്ചതിനെതിരെ മുഖ്യമന്ത്രി പ്രതികരിച്ചതിനെ സ്വാഗതം ചെയ്യുന്നു. പക്ഷെ ആ നിലപാടെടുത്ത മുഖ്യമന്ത്രി കേളുവിന്റെ കാര്യത്തില്‍ വിരുദ്ധമായ നിലപാടാണ് സ്വീകരിച്ചത്.