ആലപ്പുഴ: വേമ്പനാട്ട് കായൽ കൈയേറി വൻതോതിൽ നികത്തിയതായി പഠനറിപ്പോർട്ട്. കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല (കുഫോസ്) നടത്തിയ പഠനത്തിലാണ് കായലിന്റെ പകുതിയോളം കുറഞ്ഞതായി കണ്ടെത്തൽ. 120 വർഷത്തിനിടെ 43.5 ശതമാനം കായൽ ഇല്ലാതായി. 1900ൽ 365 ചതുരശ്ര കിലോമീറ്ററുണ്ടായിരുന്ന കായലിന്റെ വിസ്തൃതി 2020ൽ 206.30 ചതുരശ്ര കിലോമീറ്ററായി കുറഞ്ഞു. 158 ചതുരശ്ര കിലോമീറ്ററാണ് നികത്തിയതെന്നും റിപ്പോർട്ടിലുണ്ട്.1980ൽ 150 ഇനം ജീവജാലങ്ങളുണ്ടായിരുന്ന കായലില്‍ ഇപ്പോഴുള്ളത് 90 ഇനങ്ങള്‍ മാത്രം. കായലിന്റെ ജീവനും ജൈവപരമായ പ്രത്യുൽപാദന ശേഷിയും വീണ്ടെടുക്കാൻ നിരവധി നിർദേശങ്ങളും റിപ്പോർട്ടിലുണ്ട്. ദേശീയപാത 66 വന്നതോടെ പുറക്കാട് തടാകവും കടലുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു.
ദേശീയപാതക്ക് അടിയിലൂടെ ടണൽ സ്ഥാപിച്ച് തടാകത്തിന് കടലുമായുള്ള ബന്ധം പുനഃസ്ഥാപിക്കണം. തണ്ണീർമുക്കം ബണ്ടിന്റെ തെക്ക് ഭാഗത്ത് 1930ൽ ശരാശരി എട്ടുമീറ്റർ ആഴമുണ്ടായിരുന്നത് ഇപ്പോൾ 1.8 മീറ്ററായി കുറഞ്ഞു. വടക്ക് ഭാഗത്ത് ശരാശരി ആഴം 8.5 മീറ്റർ ആയിരുന്നു. ഇപ്പോഴത് 2.87 മീറ്ററാണ്.
വിസ്തൃതി കുറഞ്ഞതിനൊപ്പം നശീകരണംമൂലം കായലിന്റെ സംഭരണശേഷിയിൽ 85.3 ശതമാനത്തിന്റെ കുറവുണ്ടായി. 120വർഷങ്ങൾക്കിടയിലാണ് ഈ കുറവ്. 1900ൽ 2617.5 മില്യൻ ക്യുബിക് മീറ്ററായിരുന്ന സംഭരണശേഷി 2020ൽ 387.87 മില്യൺ ക്യുബിക് മീറ്ററായി കുറഞ്ഞു. നികത്തിയതിനൊപ്പം മാലിന്യമടിഞ്ഞ് കായലിന്റെ ആഴം കുറഞ്ഞതും സംഭരണശേഷി കുറയാൻ കാരണമായി. 120 വർഷത്തിനിടെ 158.7 ചതുശ്രകിലോമീറ്റർ കായലാണ് കരയായത്. അതായത് 43.5 ശതമാനം കായൽ ഇല്ലാതായി. മാലിന്യം അടിഞ്ഞ് കായലിന്റെ ആഴവും കുറഞ്ഞു.
കായലിന്റെ അടിത്തട്ടിൽ ഒരുമീറ്റർ ഉയരത്തിൽ 3005 ടൺ പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞിട്ടുണ്ട്. ഇതും സംഭരണശേഷി കുറയാന്‍ കാരണമായി. വേമ്പനാട് കായലിനോട് ചേരുന്ന അച്ചൻകോവിൽ, മീനച്ചൽ, പമ്പാ നദീതടങ്ങളിലും കുട്ടനാട്ടിലും വര്‍ഷകാലത്ത് വെള്ളപ്പൊക്കം പതിവാണ്.
കായലില്‍ നിന്ന് കടലിലേക്ക് വെള്ളം ഒഴുകുന്നതിനുള്ള ചാലുകളും കാനാലുകളും അടഞ്ഞതും പ്രളയം രൂക്ഷമാക്കാന്‍ കാരണമായി. തണ്ണീർമുക്കം ബണ്ടിന്മേലുള്ള ആശ്രയത്വം പടിപിടിയായി കുറക്കുക, ബണ്ട് വർഷം മുഴുവൻ തുറന്നിടുക തുടങ്ങിയ നിർദേശങ്ങളും റിപ്പോർട്ടിലുണ്ട്. കുട്ടനാട് പാടശേഖരങ്ങളിലേക്ക് ഉപ്പുവെള്ളം കയറാതെ തടയാനുള്ള ബദൽ നിർദേശങ്ങളും സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടിലുണ്ട്.
കേരള സർക്കാറിന്റെ നിർദേശപ്രകാരം കുഫോസിലെ സെന്റർ ഫോർ അക്വാറ്റിക് റിസോഴ്സസ് മാനേജ്മെന്റ് ആൻഡ് കൺസർവേഷൻ അഞ്ചുവര്‍ഷം കൊണ്ടാണ് പഠനം പൂര്‍ത്തീകരിച്ചത്.