മുംബൈയ്ക്കടുത്ത് അമ്പർനാഥിൽ കാളയോട്ട മത്സരവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് വെടിവയ്പ്. രണ്ടു വിഭാഗങ്ങൾ ചേരി തിരിഞ്ഞ് പരസ്പരം വെടിവയ്ക്കുകയായിരുന്നു. അമ്പർനാഥ് എംഐഡിസിയ്ക്ക് സമീപമായിരുന്നു സംഭവം. കാളയോട്ട മത്സരം സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട യോഗത്തിനിടയിലാണ് തർക്കമുണ്ടായതും വെടിവയ്പിലെത്തിയതും. ആർക്കും പരിക്കില്ല. സംഭവത്തില്‍ പൊലീസ് കേസെടുത്തു.
15-20 റൌണ്ട് വെടിവയ്പ് നടന്നതായാണ് സൂചന. വെടിവയ്പിന്‍റെ വീഡിയോ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്ക് സമീപം നില്‍ക്കുന്ന ചില ആളുകള്‍ പെട്ടന്ന് വെടിവയ്പ് ആരംഭിക്കുന്നത് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. സമീപത്ത് കൂടി മറ്റ് വാഹനങ്ങള്‍ കടന്നുപോകുന്നതിന് ഇടയിലാണ് വെടിവയ്പ് നടന്നത്.
വെടിവയ്പ് ആരംഭിച്ചതോടെ ആളുകള്‍ ഭയന്ന് നിര്‍ത്തിയിട്ട കാറുകള്‍ക്ക് പിന്നിലും മറ്റുമായി ഒളിക്കുകയായിരുന്നു. കാളയോട്ട മത്സരം സംബന്ധിച്ച് രണ്ട് പേര്‍ തമ്മിലാരംഭിച്ച തര്‍ക്കമാണ് വെടിവയ്പില്‍ കലാശിച്ചതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഒക്ടോബര്‍ അവസാനവാരം കൊച്ചിയിലെ കുണ്ടന്നൂരില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ബാറിനുള്ളില്‍ വെടിവച്ചയാളെ പൊലീസ് പിടികൂടിയിരുന്നു. കുണ്ടന്നൂരിലെ ഓജി എസ് കാന്താരി എന്ന ബാറിലാണ് വെടിവയ്പുണ്ടായത്. ക്രിമിനൽ കേസിൽ ജയിൽ മോചിതനായ സോജനാണ് വെടിവച്ചത്. സോജനെ ജാമ്യത്തിലെടുത്ത അഭിഭാഷകൻ ഹാറോൾഡാണ് ഒപ്പമുണ്ടായിരുന്നത്. ജാമ്യം കിട്ടി പുറത്തിറങ്ങിയതിൻ്റെ സന്തോഷത്തിനാണ് സോജൻ അഭിഭാഷകനേയും കൂട്ടി ബാറിലെത്തിയത്. മദ്യപിച്ച ശേഷം പുറത്തേക്ക് പോകും വഴിയാണ് വെടിവയ്പ്.