ഒർലാൻഡോ: വളരെ അപൂർവ്വമായ കാഴ്ചയുടെ കൌതുകത്തിലാണ് ഫ്ലോറിഡയിലെ ഒർലാന്‍ഡോയിലെ മുതല വളർത്തൽ കേന്ദ്രമുള്ളത്. ഫ്ലോറിഡയിലെ പ്രശസ്തമായ മുതല പാർക്കായ ഗേറ്റർലാൻഡിൽ വ്യാഴാഴ്ച പിറന്നത് വളരെ അപൂർവമായ വെളുത്ത ലൂസിസ്റ്റിക് മുതലയാണ്. മിന്നുന്ന പിങ്ക് കണ്ണുകളാണ് ഇതിനുള്ളത്. മനുഷ്യ പരിചരണത്തിൽ ജനിച്ച ആദ്യത്തെ വെളുത്ത ലൂസിസ്റ്റിക് മുതലയാണ് ഇതെന്നതാണ് സംഭവത്തിലെ മറ്റൊരു കൌതുകം. അമേരിക്കൻ അലിഗേറ്ററിന്റെ ഏറ്റവും അപൂർവമായ ജനിതക വ്യതിയാനമാണ് ല്യൂസിസ്റ്റിക് മുതലകൾ.
96 ഗ്രാമും 49 സെന്റീമീറ്ററുമാണ് ഈ അപൂർവ്വ മുതലയ്ക്കുള്ളത്. ആൽബിനോ മുതലകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഇത്. ലൂസിസം എന്ന പ്രതിഭാസം മൂലം വെളുത്ത നിറത്തിലാണ് കാണുക. പക്ഷേ ഇവയുടെ ചർമ്മത്തിൽ സാധാരണ നിറത്തിലുള്ള പാടുകളോ പാടുകളോ ഉണ്ടാകാറുണ്ട്. എന്നാഷ ഇത്തരത്തിലുള്ള പാടുകളോ അടയാളങ്ങളോ ഒന്നുമില്ലാത്തതാണ് ഈ കുഞ്ഞ് പെണ്‍ മുതല. ആവേശകരമായ വിവരങ്ങളാണ് പാർക്കിൽ നിന്ന് എത്തുന്നതെന്നാണ് ഗേറ്റർലാൻഡിന്റെ പ്രസിഡന്റും സിഇഒയുമായ മാർക്ക് മക്ഹഗ് പറയുന്നത്. 36 വർഷം മുമ്പ് ലൂസിയാനയിലെ ചതുപ്പുകളിൽ ല്യൂസിസ്റ്റിക് അലിഗേറ്ററുകളുടെ ഒരു കൂട് കണ്ടെത്തിയിരുന്നു. ഇതിന് ശേഷം ആദ്യമായാണ് ഒരു വെള്ള മുതല കുഞ്ഞ് ജനിക്കുന്നത്.
കാർട്ടൂണ്‍ പോലെ തോന്നുന്നുവെന്നാണ് മാർക്ക് മക്ഹഗ് വെള്ള മുതലയുടെ ജനനത്തെ നിരീക്ഷിക്കുന്നത്. സാധാരണ നിറത്തിലുള്ള ഒരു ആണ്‍ മുതലയ്ക്കൊപ്പമാണ് അപൂർവ്വമായ വെളുത്ത മുതലയും പിറന്നിട്ടുള്ളത്. കുഞ്ഞ് ഇതുവരെ സുഖമായിരിക്കുന്നുവെന്നും, ആഹാരവും ഭക്ഷണ സപ്ലിമെന്റുകളും കഴിക്കുന്നുണ്ടെന്നുമാണ് പാർക്കിലെ മൃഗഡോക്ടർ പ്രതികരിക്കുന്നത്. പുതിയ മുതല കാണേണ്ട കാഴ്ചയാണെങ്കിലും സുരക്ഷിതമായും അതിഥികളിൽ നിന്ന് അകറ്റി നിർത്തുമെന്നും സാധാരണഗതിയിൽ വളരാനും വികസിപ്പിക്കാനുമുള്ള സാഹചര്യമൊരുക്കാനുള്ള നീക്കത്തിലാണ് പാർക്ക് അധികൃതരുള്ളത്. വെളുത്ത മുതല കുഞ്ഞിനും സഹോദരനും പേരിടാന്‍ നിർദ്ദേശങ്ങൾ ക്ഷണിച്ചിരിക്കുകയാണ് പാർക്ക് ഉടമകൾ.