പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു എന്തുകൊണ്ട് പങ്കെടുക്കുന്നില്ലെന്ന ചോദ്യവുമായി നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ.‘രാജ്യത്തിന്റെ ഈ അഭിമാന നിമിഷം രാഷ്ട്രീയമായി ഭിന്നിപ്പിച്ചിരിക്കുന്നു. ഞാൻ പ്രധാനമന്ത്രിയോട് ഒരു ലളിതമായ ചോദ്യം ചോദിക്കുന്നു, നമ്മുടെ പുതിയ പാർലമെന്റിന്റെ ഉദ്ഘാടന ചടങ്ങിൽ രാഷ്ട്രപതി എന്തുകൊണ്ട് പങ്കെടുക്കുന്നില്ലെന്ന് ദയവായി രാജ്യത്തോട് പറയൂ. രാഷ്ട്രത്തലവൻ എന്ന നിലയിൽ ഇന്ത്യയുടെ രാഷ്ട്രപതി ഈ ചരിത്ര സന്ദർഭത്തിന്റെ ഭാഗമാകാതിരിക്കാനുള്ള കാരണമൊന്നും ഞാൻ കാണുന്നില്ല’, എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം നിർവഹിക്കുന്നത്. രാഷ്ട്രപതിയെ അവഗണിച്ച് പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിക്കുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് അടക്കമുള്ള 20 പ്രതിപക്ഷ പാർട്ടികൾ ഉദ്ഘാടന ചടങ്ങ് ബഹിഷ്‍കരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. വി.ഡി സവർക്കറിന്റെ ജന്മദിനത്തിൽ ഉദ്ഘാടനം നടത്തുന്നതിനെതിരെയും വിമർശനമുയർന്നിരുന്നു.
അതേസമയം, ഉദ്ഘാടന ചടങ്ങിലെ ബഹിഷ്കരണത്തെ എതിർത്ത് മുൻ പ്രധാനമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി ദേവഗൗഡ, ബി.എസ്.പി നേതാവ് മായാവതി, ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡു എന്നിവർ രംഗത്തെത്തിയിരുന്നു. വൈ.എസ്.ആർ കോൺഗ്രസ്, ബിജു ജനതാദൾ എന്നിവയും ഉദ്ഘാടനത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.