കോഴിക്കോട്: പട്ടാപ്പകല്‍ ഓമശ്ശേരിയിലെ കടയിലേക്ക് ഓടിക്കയറിയ കാട്ടുപന്നിയെ വെടിവച്ചുകൊന്നു. ശനിയാഴ്ച വൈകിട്ടാണ് സംഭവം. ഓമശ്ശേരി മുയല്‍വീട്ടില്‍ അജീഷ് ഖാന്റെ ഉടമസ്ഥതയിലുള്ള താഴെ ഓമശ്ശേരിയിലെ പണിയായുധങ്ങള്‍ വില്‍ക്കുന്ന ടൂള്‍ മാര്‍ട്ട് എന്ന കടയിലേക്കാണ് കാട്ടുപന്നി ഓടിക്കയറിയത്. പന്നി കയറുമ്പോള്‍ അജീഷ് ഖാന്‍ കടയിലുണ്ടായിരുന്നു. ക്യാഷ് കൗണ്ടറിന് മുകളിലൂടെ ചാടി രക്ഷപ്പെട്ട കടയുടമ പെട്ടെന്നുതന്നെ കടയുടെ ഷട്ടര്‍ താഴ്ത്തി. ഇതോടെ പന്നി കടയ്ക്കുള്ളിൽ അകപ്പെട്ടു.
പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചതോടെ താമരശ്ശേരി ഫോറസ്റ്റ് അധികൃതരെ ബന്ധപ്പെടുകയും പന്നിയെ കൊല്ലാന്‍ എംപാനല്‍ ഷൂട്ടറെ നിയോഗിക്കുകയും ചെയ്യുകയായിരുന്നു. സംഭവ സ്ഥലത്തെത്തിയ ഓമശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് പി അബ്ദുല്‍ നാസറിന്റെ അനുമതിയോടെ ഫോറസ്റ്റ് എംപാനല്‍ ഷൂട്ടര്‍ തങ്കച്ചന്‍ കുന്നുംപുറത്ത് കടയ്ക്കുള്ളില്‍വച്ച് പന്നിയെ വെടിവച്ചുകൊല്ലുകയായിരുന്നു.
ഓമശ്ശേരി ബസ് സ്റ്റാൻഡിനു പിന്‍വശത്തുള്ള ഗ്രൗണ്ടില്‍ പന്നിയെ സംസ്‌കരിക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. മാസങ്ങള്‍ക്ക് മുന്‍പ് ഓമശ്ശേരി അങ്ങാടിയില്‍ പകല്‍ സമയത്ത് കാട്ടുപന്നിയുടെ ആക്രമണത്തില്‍ വഴിയാത്രക്കാരന് പരിക്കേറ്റിരുന്നു. അതേസമയം, പാലക്കാട് ജില്ലയിലെ കണ്ണമ്പ്ര ഗ്രാമപഞ്ചായത്തിലെ കാരയങ്കാട് പാറക്കുണ്ടിലെ ആൾമറയില്ലാത്ത കിണറ്റിൽ കാട്ടുപന്നിക്കൂട്ടത്തെ ചത്തനിലയിൽ കണ്ടെത്തി.
ഒൻപത് കാട്ടുപന്നി കുഞ്ഞുങ്ങളെ ആണ് ചത്തനിലയിൽ കണ്ടെത്തിയത്. ദുർഗ്ഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ പരിശോധിച്ചപ്പോഴാണ് ഇവയെ കണ്ടെത്തിയത്. വനം വകുപ്പ് ആലത്തൂർ റേഞ്ച് ഓഫീസിലെ നിർദ്ദേശമനുസരിച്ച് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ജെസിബി ഉപയോഗിച്ച് പന്നികളെ സംസ്കരിക്കുകയും, കിണർ മൂടുകയും ചെയ്തു.