ന്യൂഡൽഹി: മത പഠനം മതേതരത്വത്തിനെതിരായ മത ശാസനകളാണെന്ന അലഹാബാദ് ഹൈകോടതി വിധി ചോദ്യം ചെയ്ത മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്‍വി അങ്ങിനെയെങ്കിൽ ഹരിദ്വാറിലും ഋഷികേശിലും അടക്കം പ്രവർത്തിക്കുന്ന രാജ്യത്തെ ഗുരുകുലങ്ങളും അടച്ചുപൂട്ടുമോ എന്ന് സുപ്രീംകോടതിയോട് ചോദിച്ചു. മതപഠനം നടത്തുന്നതിനർഥം മതശാസനകൾ അടിച്ചേൽപിക്കലല്ലെന്നും മതപഠനം രാജ്യത്ത് കാലങ്ങളായി ഉള്ളതാണെന്നും ‘മാനേജേഴ്സ് അസോസിയേഷൻ -മദാരിസ് അറബിയ’ക്ക് വേണ്ടി ഹാജരായ സിങ്‍വി ഓർമിപ്പിച്ചു.
ഹരിദ്വാറിലും ഋഷികേശിലും നന്നായി പ്രവർത്തിക്കുന്ന പ്രസിദ്ധമായ ഗുരുകുലങ്ങൾ നമുക്കുണ്ട്. തന്റെ പിതാവിന് അവിടെ നിന്നാണ് ബിരുദമുള്ളത്. മതാധ്യാപനങ്ങൾ പഠിപ്പിക്കുന്നതാണെന്ന് പറഞ്ഞ് ആ ഗുരുകുലങ്ങളൊക്കെയും ഇനി അടച്ചുപൂട്ടുമോ? 120 വർഷമായി വിദ്യാഭ്യാസ രംഗത്തുള്ളതാണ് യു.പിയിലെ മദ്രസകൾ. പൊടുന്നനെ അവ നിർത്തലാക്കുന്നത് 17 ലക്ഷം വിദ്യാർഥികളെയും പതിനായിരക്കണക്കിന് അധ്യാപകരെയും ബാധിക്കും. ഇത്രയും അധ്യാപകരും വിദ്യാർഥികളും എവിടെ പോകുമെന്ന് സിങ്‍വി ചോദിച്ചു.
മദ്രസകൾക്കെതിരായ ഹരജി നൽകിയ ആൾക്ക് അതിനുള്ള അവകാശമെന്താണെന്ന് ചോദിച്ച സിങ്‍വി ഹൈകോടതിയുടെ യുക്തിയും ചോദ്യം ചെയ്തു. ആധുനിക വിദ്യാഭ്യാസം യു.പി മദ്രസകളിൽ നൽകുന്നില്ലെന്ന് കോടതിയുടെ കണ്ടുപിടിത്തം സിങ്വി തള്ളി. കണക്കും സയൻസും ഹിന്ദിയും ഇംഗ്ലീഷും മദ്രസകളിൽ പഠിപ്പിക്കുന്നുണ്ട്. ഇതിനായി 1987ൽ നിയന്ത്രണവും 2004ൽ നിയമവും കൊണ്ടുവന്നു. നിയമം റദ്ദാക്കുന്നതോടെ മദ്രസകൾക്ക് മേലുള്ള നിയന്ത്രണങ്ങൾ കൂടിയാണ് ഇല്ലാതാകുന്നതെന്നും സിങ്‍വി വാദിച്ചു.
പൂർണമായ നടത്തിപ്പും സർക്കാർ ഫണ്ട് കൊണ്ടാണെങ്കിൽ മാത്രമേ ഭരണഘടനയുടെ 28-ാം അനഛേദ പ്രകാരം സർക്കാറുകൾക്ക് മദ്രസകളുടെ പൂർണ നിയന്ത്രണം ഏറ്റെടുക്കാനാകൂ എന്നും എന്നാൽ അതല്ല സ്ഥിതിയെന്നും മുൻ അറ്റോണി ജനറൽ മുകുൽ രോഹത്ഗി ബോധിപ്പിച്ചു. പൂർണ സഹായമുള്ളതും ഭാഗിക സഹായമുളളതും ഒട്ടും സഹായമില്ലാത്ത സ്വകാര്യ മദ്രസകളും യു.പി മദ്രസ ബോർഡിന് കീഴിലുണ്ടെന്നും രോഹത്ഗി വ്യക്തമാക്കി.
യു.പിയിലെ 16,000 മദ്രസകളിൽ 500 എണ്ണത്തിന് മാത്രമാണ് ഏതെങ്കിലും തരത്തിലുള്ള സർക്കാർ സഹായം ലഭിക്കുന്നതെന്ന് അഡ്വ. മനേക ഗുരുസ്വാമി ബോധിപ്പിച്ചു. മുതിർന്ന അഭിഭാഷകരായ ഹുസേഫ അഹ്മദിയും പി.എസ് പട്വാലിയയും ഇതിന്റെ മദ്രസകൾക്കായി വാദമുഖങ്ങൾ നിരത്തി.