ന്യൂഡൽഹി: മുൻ കാമുകന്‍റെ മുഖത്ത് ആസിഡ് ഒഴിക്കാൻ ഗുണ്ടകളെ വാടകക്കെടുത്ത യുവതി അറസ്റ്റിൽ. 30കാരിയായ വനിതാ ഗ്രാഫിക് ഡിസൈനറെയും സഹായികളെയും ഡൽഹിയിലെ നിഹാൽ വിഹാർ ഏരിയയിൽ നിന്ന് തിങ്കളാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗ്രാഫിക് ഡിസൈനർ കൂടിയായ ഓംകാറിനെ (24) ജൂൺ 19ന് റൺഹോല ഏരിയയിൽ വെച്ചാണ് മൂന്ന് പേർ ചേർന്ന് ആക്രമിച്ചത്. പ്രദേശത്തെ സി.സി.ടി.വി കാമറ ദൃശ്യങ്ങളും ഓംകാറിന്‍റെ കോൾ വിശദാംശങ്ങളും പരിശോധിച്ചതിന് ശേഷമാണ് യുവതിയെ അറസ്റ്റ് ചെയ്തത്. യുവതിയെയും മൂന്ന് അക്രമികളെയും കുറിച്ചുള്ള വിവരങ്ങൾ പൊലീസ് ഓംകാറിന്‍റെ ഫോണിൽ നിന്ന് കണ്ടെടുത്തിരുന്നു.
ഓംകാറും യുവതിയും ഒരേ സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്. ഇരുവരും മൂന്ന് വർഷത്തോളം പ്രണയത്തിലായിരുന്നുവെങ്കിലും പിന്നീട് വേർപിരിഞ്ഞു. ഓംകാർ മറ്റൊരു യുവതിയുമായി വിവാഹനിശ്ചയം നടത്തിയാതാവാം യുവതിയെ ചൊടിപ്പിച്ചത് എന്നാണ് പ്രാഥമിക നിഗമനം. തുടർന്നാണ് ഓംകാറിന്‍റെ മുഖത്ത് ആസിഡ് ഒഴിക്കാൻ യുവതി ഗുണ്ടകളെ ഏർപ്പാടാക്കിയത്. 30,000 രൂപ നൽകിയാണ് യുവതി മൂന്ന് സഹായികളെ നിയമിച്ചത്. ഓംകാറിന്‍റെ മുഖത്ത് ആസിഡ് ഒഴിക്കാൻ ജൂൺ 19 നാണ് യുവതിയും കൂട്ടാളികളും തീരുമാനിച്ചത്.
മോട്ടോർ സൈക്കിളിൽ വന്ന മൂന്ന് പേരും ഓംകാറിനെ കത്തി ഉപയോഗിച്ച് ആക്രമിച്ചു. പദ്ധതി പ്രകാരം ഓംകാറിന്‍റെ മുഖത്ത് ആസിഡ് ഒഴിക്കേണ്ടതായിരുന്നു. എന്നാൽ ഓംകാർ ഓടി രക്ഷപ്പെട്ടതിനാൽ പ്രതികൾക്ക് ആസിഡ് ഒഴിക്കാൻ കഴിഞ്ഞില്ല. പൊലീസ് അന്വേഷണം ആരംഭിച്ചതോടെ യുവതി ഒളിവിൽ പോയി. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ട്.