കൊച്ചി: കുട്ടിയെക്കൊണ്ട് ശരീരത്തിൽ ചിത്രം വരപ്പിച്ചതിന്റെ പേരിൽ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയ്ക്ക് എതിരെ പോക്സോ നിയമപ്രകാരം എടുത്ത കേസ് നിലനിൽക്കില്ലെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. സുപ്രധാനമായ നിരവധി നിരീക്ഷണങ്ങളാണ് വിധിക്കൊപ്പം ഹൈക്കോടതി പങ്കുവച്ചത്. സ്ത്രീയുടെ നഗ്ന ശരീരം എല്ലായ്പ്പോഴും ലൈംഗികമായോ അശ്ലീലമായോ കാണാൻ കഴിയില്ലെന്ന സുപ്രധാന നിരീക്ഷണത്തോടെയാണ് രഹ്നയെ കോടതി കുറ്റവിമുക്തയാക്കിയത്.
സമൂഹ മാധ്യ’ബോഡി ആൻഡ് പൊളിറ്റിക്സ്’ എന്ന തലക്കെട്ടോടെ രഹന ഫാത്തിമ സമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച ദൃശ്യങ്ങളാണ് കേസിന് കാരണമായത്. പ്രായ പൂർത്തിയാകാത്ത കുട്ടികൾക്ക് മുന്നിൽ ശരീര പ്രദർശനം നടത്തിയത് പോക്സോ നിയമപ്രകാരം കുറ്റകരമാണെന്ന് ചൂണ്ടിക്കാട്ടി തിരുവല്ല സ്വദേശി പരാതി നൽകിയതോടെ പോക്സോ നിയമവും ഐടി നിയമവും ചുമത്തി പൊലീസ് കേസെടുത്തു. ലാപ്ടോപ്പും പെയിന്റ് ഉപകരണങ്ങളും പിടിച്ചെടുക്കുകയും ചെയ്തു.
പിന്നാലെ കേസിൽ രഹ്ന അറസ്റ്റിലാവുകയും ചെയ്തു. ഈ കേസിലാണ് ഇപ്പോൾ സുപ്രധാന നിരീക്ഷണങ്ങളോടെ ഹൈക്കോടതി സിംഗിൾബെഞ്ച് രഹ്നയെ കുറ്റവിമുക്തയാക്കിയത്. സ്ത്രീയുടെ നഗ്ന ശരീരം എല്ലായ്പ്പോഴും ലൈംഗികമായോ അശ്ലീലമായോ കാണാൻ കഴിയില്ലെന്ന് ഉത്തരവിൽ ജസ്റ്റിസ് കൗസർ എടപ്പകത്ത് വ്യക്തമാക്കി. രഹ്ന തയ്യാറാക്കിയ വീഡിയോ അശ്ലീലമായി കാണാനാവില്ല. നഗ്നശരീരം സാധാരണമാണെന്ന് കുട്ടിക്ക് ബോധ്യമാകാൻ ശരീരം കാൻവാസാക്കുന്നത് തെറ്റായിക്കാണാനാവില്ല.
രാജ്യത്ത് എമ്പാടും അർധനഗ്ന രുപത്തിലുള്ള ശിൽപങ്ങളും പെയിന്റിംഗുകളു ഉണ്ട്. ഇവയിൽ പലതും ദൈവീകമായാണ് കാണപ്പെടുന്നത്. പുലികളിക്കും തെയ്യത്തിനും പുരുഷ ശരീരത്തിൽ പെയിന്റെ ചെയ്യുന്നു. സ്വന്തം ശരീരത്തിനുമേൽ പുരുഷനുള്ള അധികാരം ചോദ്യം ചെയ്യപ്പെടുന്നത് സമൂഹത്തിൽ അപൂർവമാണെന്ന് കോടതി പറഞ്ഞു. എന്നാൽ, സ്ത്രീക്ക് സ്വന്തം ശരീരത്തിന്മേലുള്ള അധികാരം നിരന്തരം ചോദ്യം ചെയ്യപ്പെടുന്നു. ‘ശരീരത്തിന്റെ പേരിൽ സ്ത്രീയെ ഭീഷണിപ്പെടുത്തുന്നു, ഒറ്റപ്പെടുത്തുന്നു, വിചാരണ ചെയ്യുന്നു. ഇതിലെ ഇരട്ടത്താപ്പ് തുറന്നുകാട്ടാനാണ് രഹ്ന ഫാത്തിമ ശ്രമിച്ചതെന്നും കോടതി നിരീക്ഷിച്ചു.