ബാലസോർ: ഒഡിഷയിലെ ബാലസോർ ജില്ലയിലെ ചൂതാട്ട കേന്ദ്രത്തിൽ പോലീസ് നടത്തിയ റെയ്ഡിനിടെ വനിതാ ഇൻസ്പെക്ടറെയും സഹപ്രവർത്തകരെയും അക്രമികൾ മർദിക്കുകയും മുറിയിൽ പൂട്ടിയിടുകയും ചെയ്തു. തൽസാരി മറൈൻ പോലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടർ ഇൻ ചാർജ് ചമ്പാബതി സോറനും സംഘവുമാണ് ആക്രമിക്കപ്പെട്ടത്.
ഞായറാഴ്ച രാത്രി ഉദയ്പൂർ ഗ്രാമത്തിലെ ചൂതാട്ടം നടക്കുന്ന വീട്ടിൽ റെയ്ഡ് നടത്തുന്നതിനിടെ ആയിരുന്നു സംഭവം. നാട്ടുകാരിൽ ചിലർ കൈയേറ്റം ചെയ്യുകയും വനിതാ പോലീസ് ഓഫീസറെയും ജീവനക്കാരെയും മുറിയിൽ പൂട്ടിയിടുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. ഭോഗ്രായി പോലീസ് സ്റ്റേഷനിൽ നിന്നും ചന്ദനേശ്വർ ഔട്ട്‌പോസ്റ്റിൽ നിന്നും കൂടുതൽ പോലീസ് സേന സ്ഥലത്തെത്തി സംഘത്തെ രക്ഷപ്പെടുത്തുകയായിരുന്നു.
സംഭവത്തിൽ 20 ഓളം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണം നടക്കുകയാണെന്നും പ്രതികൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും ജലേശ്വർ സബ് ഡിവിഷണൽ പോലീസ് ഓഫീസർ ദിലീപ് സാഹു പറഞ്ഞു.
			











                