അബുദാബി: ജോലി സ്ഥലത്തുണ്ടായ അപകടത്തെ തുടര്‍ന്ന് കൈ മുറിച്ചുമാറ്റേണ്ടി വന്ന തൊഴിലാളിക്ക് ഒന്നര ലക്ഷം ദിര്‍ഹം (33 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. അബുദാബിയിലെ ഒരു റസ്റ്റോറന്റില്‍ ജോലി ചെയ്‍തിരുന്നയാളാണ് അപകടത്തെ തുടര്‍ന്ന് നഷ്ടപരിഹാരം തേടി കോടതിയിയെ സമീപിച്ചത്.
റസ്റ്റോറന്റിലെ മീറ്റ് ഗ്രൈന്‍ഡിങ് മെഷീനില്‍ കുടുങ്ങിയാണ് പരാതിക്കാരന് വലതു കൈ നഷ്ടമായത്. കേസ് ആദ്യം പരിഗണിച്ച അബുദാബി പ്രാഥമിക കോടതി റസ്റ്റോറന്റിന് 10,000 ദിര്‍ഹം പിഴയും പരാതിക്കാരന് ഒരു ലക്ഷം ദിര്‍ഹം നഷ്ടപരിഹാരവും വിധിച്ചു. തനിക്ക് കൈ നഷ്ടമായ അപകടത്തിനും, താന്‍ സഹിച്ച വേദനയ്ക്കും പകരമായി രണ്ട് ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് സിവില്‍ കോടതിയെ സമീപിച്ചു.
ജോലി സ്ഥലത്ത് സ്വീകരിക്കേണ്ട സുരക്ഷാ മുന്‍കരുതലുകള്‍ തൊഴിലുടമ സ്വീകരിച്ചില്ലെന്നും ഇതാണ് തന്റെ കൈ മെഷീനിനുള്ളില്‍ കുടുങ്ങാനും അങ്ങനെ കൈ മുറിച്ചു മാറ്റാനും കാരണമായതെന്നായിരുന്നു പരാതിയിലെ ആരോപണം. കേസ് പരിഗണിച്ച കോടതി, പരാതിക്കാരന്റെ കൈ നഷ്ടമായതിന് പകരമായി ഒരു ലക്ഷം ദിര്‍ഹവും കോടതി ചെലവായി പതിനായിരം ദിര്‍ഹവും തൊഴിലുടമ നല്‍കണമെന്ന് വിധി പ്രസ്‍താവിച്ചു.
എന്നാല്‍ ഈ വിധിയെ ചോദ്യം ചെയ്‍ത് പരാതിക്കാരന്‍ അപ്പീല്‍ കോടതിയെ സമീപിക്കുകയായിരുന്നു. തന്റെ ഒരു കൈ നഷ്ടമായത് കാരണം നേരത്തെ ചെയ്യാന്‍ സാധിക്കുമായിരുന്ന പല കാര്യങ്ങളും ദൈനം ദിന ജീവിതത്തില്‍ ഇപ്പോള്‍ സാധ്യമാവുന്നില്ലെന്ന് പരാതിയില്‍ എടുത്തുപറഞ്ഞു. വാദം പൂര്‍ത്തിയാക്കിയ അപ്പീല്‍ കോടതി, നഷ്ടപരിഹാരം ഒന്നര ലക്ഷം ദിര്‍ഹമാക്കി ഉയര്‍ത്തുകയായിരുന്നു.