തിരുവനന്തപുരം: തിരുവനന്തപുരം വെള്ളായണി കായലിൽ വീണ് യുവാവിന് ദാരുണാന്ത്യം. വെള്ളയാണി ഊക്കോട വേവിളയിൽ ആണ് അപകടം സംഭവിച്ചത്. ഇവിടുത്തെ സ്വകാര്യ വ്യക്തിയുടെ റിസോർട്ടിന്റെ മുൻവശത്ത് വെള്ളത്തിൽ നിന്നിരുന്ന പുല്ല് നീക്കം ചെയ്യുകയായിരുന്നു മനോജ് എന്ന് വിളിക്കുന്ന രാജേഷ് (36) ഉം മറ്റു മൂന്ന് സഹായികളും. ഇവർ അരിവാളിന് പുല്ല് വലിയ കഷണങ്ങളായി മുറിച്ച് കയറിന് കെട്ടി കരയിലേക്ക് വലിച്ച് കയറ്റുകയായിരുന്നു. കയറു കെട്ടുന്നത് ഒരു വശത്ത് നിന്ന് അടുത്ത വശത്തേക്ക് മുങ്ങിയായിരുന്നു പോകേണ്ടത്. അങ്ങനെ മുങ്ങി പോകുന്ന വഴിക്ക് മനോജിനെ കാണാതാവുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ തിരച്ചിൽ നടത്തിയെങ്കിലും ഫലം കണ്ടില്ല.
ഉടൻ തന്നെ വിഴിഞ്ഞം അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. ഒരു മണിയോടുകൂടി സ്റ്റേഷനിൽ നിന്നും സംഘം സ്ഥലത്ത് എത്തി പ്രാഥമിക തിരിച്ചിൽ നടത്തി. തുടർന്ന് തിരുവനന്തപുരം സ്ക്യൂബ ടീമിന്റെ സഹായം ആവശ്യപ്പെടുകയായിരുന്നു. ഉടൻ തന്നെ ഫയർ റെസ്ക്യൂ ഓഫീസർ സുജയന്റെ നേതൃത്വത്തിലുള്ള ടീം സംഭവസ്ഥലത്ത് എത്തി. ശേഷം ഗിയർ സെറ്റ് അപ്പ് ചെയ്ത് സ്പോട്ടിലേക്ക് എത്തി മനോജിനെ കാണാതായ പുല്ലുകൾക്കിടയിൽ ആദ്യം പരിശോധന നടത്തി.
ഫയർ റെസ്ക്യൂ ഓഫീസർ സുജയൻ, ഫയർ റെസ്ക്യൂ ഓഫീസർ അമൽ രാജ് എന്നിവരായിരുന്നു ആദ്യം ഡൈവ് ചെയ്തത്. മനോജ് അവസാനമായി മുങ്ങിയ സ്ഥലത്തായിരുന്നു പിന്നീട് തിരച്ചിൽ നട്തതിയത്. തിരച്ചിലിനൊടുവിൽ പുല്ലുകൾ നിറഞ്ഞ ഭാഗത്ത് നിന്നും 10 മീറ്റർ ഉള്ളിലായി മനോജിനെ കണ്ടെത്തി. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മനോജിന്‍റെ ജീവൻ രക്ഷിക്കാനായില്ല. വിഴിഞ്ഞം സ്റ്റേഷൻ ഓഫീസർ അജയ് യുടെ നേതൃത്വത്തിൽ അമൽരാജ്, രതീഷ്, വിജിൻ, പ്രദോഷ്, പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിൽ ആണ് തിരച്ചിൽ നടത്തിയത്.