സോഷ്യല്‍ മീഡിയ ഉപയോഗിക്കാത്തവരായി ഇന്ന് വളരെ ചെറിയൊരു വിഭാഗം പേര്‍ മാത്രമേ കാണൂ. മിക്കവരും സ്മാര്‍ട് ഫോണിലേക്ക് മാറിയതോടെയാണ് സോഷ്യല്‍ മീഡിയ ഉപയോഗവും കൂടിയത്. ഇതിന് അനുസരിച്ച് സോഷ്യല്‍ മീഡിയ മാര്‍ക്കറ്റും വിപുലമായിക്കഴിഞ്ഞു.
വീഡിയോകള്‍ക്കും ഫോട്ടോകള്‍ക്കും പോസ്റ്റുകള്‍ക്കുമെല്ലാം റീച്ച് കൂടുന്നതിന് അനുസരിച്ച് വരുമാനത്തിനുള്ള വക കൂടി തുറന്നുകിട്ടുമെന്നതിനാല്‍ മിക്കവരും തങ്ങളുടെ പേജുകള്‍ക്ക് റീച്ച് കൂട്ടാനായി കിണഞ്ഞ് പരിശ്രമിക്കാറുണ്ട്. ഇതിന് വേണ്ടി ഏത് സാഹസത്തിനും മുതിരുന്ന യുവാക്കളെ ചൊല്ലിയാണ് പക്ഷേ ഏറെ പേര്‍ക്കും ആശങ്കയുണ്ടാകാറ്.
ഇപ്പോഴിതാ സമാനമായ രീതിയില്‍ ബൈക്കില്‍ അഭ്യാസപ്രകടനങ്ങള്‍ നടത്തിയൊരു യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. മുംബൈയിലാണ് സംഭവം. ബൈക്കില്‍ രണ്ട് പെണ്‍കുട്ടികളെയും വച്ചാണ് യുവാവ് അഭ്യാസം നടത്തിയത്. ഒരാളെ പിന്നിലും ഒരാളെ മുന്നിലും ഇരുത്തിയാണ് യുവാവിന്‍റെ അതിസാഹസികത.
ബൈക്കഭ്യാസത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായതോടെയാണ് ബാന്ദ്ര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ശേഷം യുവാവ് പിടിയിലാവുകയായിരുന്നു.
പതിമൂന്ന് സെക്കൻഡ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ ആണിത്. എന്നാല്‍ കാണുമ്പോള്‍ തീര്‍ച്ചയായും അല്‍പമൊരു പേടി ആരിലും അനുഭവപ്പെടുത്തുന്ന രംഗങ്ങള്‍ തന്നെയാണിത്. അഭ്യാസപ്രകടനങ്ങളോട് താല്‍പര്യവും ആവേശമുള്ളവരെ സംബന്ധിച്ച് അവര്‍ക്കൊരുപക്ഷേ ഇത് സ്വീകാര്യമായിരിക്കാം. എന്നാല്‍ പൊതുനിരത്തിലാണ് ഹെല്‍മറ്റോ മറ്റ് സുരക്ഷാ മുന്നൊരുക്കങ്ങളൊന്നും കൂടാതെ രണ്ട് പേരെയും വച്ചുകൊണ്ടുള്ള ഈ കസര്‍ത്ത്.
മുമ്പും ഇതുപോലെ അഭ്യാസ പ്രകടനങ്ങള്‍ നടത്തി വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പലരെയും പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇനിയും ഇത്തരത്തിലുള്ള കാര്യങ്ങള്‍ യുവാക്കള്‍ ചെയ്യാതിരിക്കുന്നതിനാണ് പൊലീസ് നടപടി കൈക്കൊള്ളുന്നത്. എന്നിട്ടും ആവര്‍ത്തിക്കുന്ന ഈ പ്രവണത പേടിപ്പെടുത്തുന്നത് തന്നെയാണ്. സ്വന്തം ജീവൻ മാത്രമല്ല- പലപ്പോഴും റോഡിലൂടെ യാത്ര ചെയ്യുന്ന മറ്റുള്ളവരുടെ ജീവൻ കൂടി അപകടത്തിലാകുമെന്നതിനാലാണ് ഇക്കാര്യങ്ങള്‍ കര്‍ശനമായും നിയന്ത്രിക്കുന്നതോ തടയുന്നതോ എല്ലാം.