തൃശൂര്‍ : ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍ നിര്‍മിച്ചു നല്‍കിയ ഏജന്റിനെ തൃശൂര്‍ സിറ്റി സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് മുംബൈ എല്‍ബിഎസ് മാര്‍ഗില്‍ താമസിക്കുന്ന പശ്ചിമ ബംഗാള്‍ സതീഷ് ചാന്ദിഭാ റോഡ് സുമിത് കുമാര്‍ ഗുപ്ത(36)യാണ് പിടിയിലായത്. സാധാരണക്കാരെ കബളിപ്പിച്ച് രേഖകളും ഫോട്ടോകളും തരപ്പെടുത്തിയാണ് ഇയാള്‍ ബാങ്ക് അക്കൗണ്ട് തുറന്നിരുന്നത്. ഈ അക്കൗണ്ടുകള്‍ സൈബര്‍ തട്ടിപ്പുകാര്‍ക്ക് ഇടപാടുകള്‍ നടത്താനായി വില്‍ക്കുകയായിരുന്നു ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു. ഇതിനായി മഹാരാഷ്ട്രയിലെ കോലാപൂരിലെ ഒരു സ്‌കൂളില്‍ ജോലി ചെയ്തിരുന്ന 17 അധ്യാപികമാരെ പറഞ്ഞ് വിശ്വസിപ്പിച്ച് അവരുടെ രേഖകളും ഫോട്ടോകളും ഇയാള്‍ കൈക്കലാക്കിയിരുന്നു. ഈ രേഖകള്‍ ഉപയോഗിച്ച് പുതുതലമുറ ബാങ്കില്‍ അക്കൗണ്ട് തുറക്കുകയും ഇത് തട്ടിപ്പുകാര്‍ക്ക് കൈമാറുകയുമായിരുന്നെന്നും പോലീസ് പറഞ്ഞു.