കൽപ്പറ്റ : വീട്ടിൽ സൂക്ഷിച്ച മൂന്നര കിലോയോളം കഞ്ചാവുമായി യുവാവ് പിടിയിൽ. മുട്ടിൽ മേപ്പള്ളി സജീര്‍ (35) ആണ് പിടിയിലായത്. ഇയാൾക്കെതിരെ എൻ ഡി പി എസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കല്‍പ്പറ്റ പൊലീസ് സബ് ഇന്‍സ്പെക്ടര്‍ വിമല്‍ ചന്ദ്രന്റെ നേതൃത്വത്തില്‍ ജില്ലാ നാര്‍ക്കോട്ടിക്ക് സ്‌ക്വാഡും കൽപ്പറ്റ പൊലീസും മുട്ടില്‍ അമ്പുകുത്തി കോളനിക്ക് സമീപമുള്ള വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. ജൂനിയർ ഇന്‍സ്പെക്ടര്‍മാരായ മുനീര്‍, വിഷ്ണുരാജ്, സീനിയർ സിവിൽ പോലിസ് ഓഫിസർ അബ്ദുൽ മുബാറക്ക്, നൗഷാദ് തുടങ്ങിയവരും പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നു.
വയനാട് കേന്ദ്രീകരിതച്ച് ലഹരി വിൽപ്പന കൂടി വരകിയാണ്. കഴിഞ്ഞ ദിവസം രണ്ടിടങ്ങളിലായി എംഡിഎംഎയും കഞ്ചാവുമായി വൃദ്ധനടക്കം മൂന്ന് പേർ പിടിയിലായി. 0.960 ഗ്രാം അതിമാരക മയക്കുമരുന്നായ എംഡിഎംഎ പിടിച്ചെടുത്ത കേസില്‍ കോഴിക്കോട് പെരുവണ്ണാമൂഴി വാളേരിക്കണ്ടി ഹൗസില്‍ അശ്വന്ത് (23), കണ്ണൂര്‍ പയ്യാവൂര്‍ നെടുമറ്റത്തില്‍ ഹൗസില്‍ ജെറിന്‍ (22) എന്നിവരാണ് പിടിയിലായത്.
മാനന്തവാടി നഗരത്തില്‍ നടത്തിയ പരിശോധനയിലാണ് 250 ഗ്രാം കഞ്ചാവുമായി 64-കാരനായ മാനന്തവാടി നിരപ്പുകണ്ടത്തില്‍ വീട്ടില്‍ വര്‍ഗീസ് എന്നയാളെയാണ് പിടികൂടിയത്. ഇയാള്‍ കഞ്ചാവ് ചില്ലറയായി വില്‍പ്പന നടത്തുന്ന സംഘത്തിലുള്‍പ്പെട്ടതാണ്. ഇയാൾ സ്ഥിരമായി മാനനന്തവാടി നഗരം കേന്ദ്രീകരിച്ച് വില്‍പ്പന നടത്തുന്നയാളാണെന്ന് പൊലീസ് പറഞ്ഞു. പൊലീസിന്റെയും എക്‌സൈസിന്റേയും നിരവധി കഞ്ചാവ് കേസുകളില്‍ പ്രതിയാണ് വര്‍ഗീസ്. എസ്ഐ നൗഷാദ്, സിപിഒമാരായ അജികുമാര്‍, ഗോപി തുടങ്ങിയവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.