അമ്പലപ്പുഴ: സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ കൂട്ടുപ്രതിയായ യുവാവ് കസ്റ്റഡിയിൽ. പുന്നപ്ര തെക്ക് പഞ്ചായത്ത് 12- വാർഡിൽ ആലിശ്ശേരി വെളിയിൽ വീട്ടിൽ ഷാജിയുടെ മകൻ ഷാറൂഖ് (25)നെ ആണ് പുന്നപ്ര പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കേസിലെ ഒന്നാം പ്രതിയായ കുറവൻതോട് വെളിയിൽ തൻസീർ (23)നെ ആഴ്ചകൾക്ക് മുൻപ് പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും ചേർന്ന് കുറവൻതോട് കാട്ടുങ്കൽ ധനകാര്യ സ്ഥാപനത്തിൽ കഴിഞ്ഞ ഓഗസ്റ്റ് 24 ന് വൈകിട്ട് 5 മണിയോടെ 24 ഗ്രാം തൂക്കമുള്ള മാല പണയം വെച്ച് 80,000 രൂപ എടുത്തിരുന്നു. പിന്നീട് സ്ഥാപന ഉടമ നടത്തിയ വിശദമായ പരിശോധയിൽ ഇത് മുക്കുപണ്ടമാണെന്ന് തെളിഞ്ഞു.
സ്ഥാപന ഉടമയുടെ പരാതിയിൽ പുന്നപ്ര പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതികൾ പിടിയില്‍ ആകുന്നത്. എസ്സ് എച്ച് ഒ ലൈസാദ് മുഹമ്മദ് എസ് ഐ സെസിൽ കൃസ്റ്റിൻ രാജ്, ജൂനിയർ എസ് ഐ അജീഷ്, എസ് സി പി ഒ സേവ്യർ, വിനിൽ , രാജേഷ് എന്നിവർ അടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. മുക്കുപണ്ടം പണയം വെച്ച് പണം തട്ടുന്ന അന്തർജില്ല സംഘത്തിന് വേണ്ടി വ്യാജ ആധാര്‍ നിര്‍മ്മിച്ച് നല്‍കിയാളെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ആലപ്പുഴ, കൊല്ലം ജില്ലകളില്‍ മുക്കുപണ്ടം പണയം വച്ച് പണം തട്ടുന്ന സംഘം വ്യാപകമായതായി പരാതികള്‍ ഉയര്‍ന്നിരുന്നു.
ഇടുക്കി പാറേല്‍ കവല ഉടുമ്പന്നൂര്‍ മനയ്ക്കമാലി അര്‍ഷല്‍ (28) ആണ് കരുനാഗപ്പള്ളി പൊലീസിന്‍റെ പിടിയിലായത്. മുക്കുപണ്ടം പണയം വെച്ച് വള്ളിക്കാവിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് 3.71 ലക്ഷം രൂപ തട്ടിയ സംഘത്തിലെ അഞ്ച് പേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സംഘത്തിന് വ്യാജ ആധാര്‍ കാര്‍ഡ് നിർമിച്ച് നല്‍കിയതിനാണ് അർഷലിനെ അറസ്റ്റ് ചെയ്തത്.