തിരുവനന്തപുരം: യുവാവിനെ തട്ടിക്കൊണ്ടു പോയ സംഘത്തെ വിളപ്പില്‍ശാല പൊലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി. മലയിന്‍കീഴ് അന്തിയൂര്‍കോണം പ്ലാവിളകലയ പുത്തന്‍വീട്ടില്‍ അഖില്‍ കുമാര്‍ (24), പൂയം മില്‍ക്ക് കോളനിക്ക് സമീപം സുരയ്യ മന്‍സില്‍ അര്‍ഷാദ് (28), ബീമാപള്ളി പത്തേക്കര്‍ ഗ്രൗണ്ടിന് സമീപം നിലാവ് കോളനിയില്‍ ഫിറോസ് ഖാന്‍ (35) തുടങ്ങിയവരെയാണ് അറസ്റ്റ് ചെയ്തത്.
പേയാട് കാട്ടുവിള ഗീതാ ഭവനില്‍ ശ്രീകുമാറിന്റെ മകനായ അനന്തു(19)വിനെ ആണ് സംഘം തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ ദിവസം പേയാടിന് സമീപമുള്ള കാട്ടുവിള ഭാഗത്ത് വച്ചായിരുന്നു സംഭവം. ബീമാപള്ളി ഭാഗത്ത് നിന്നുള്ള സംഘം കാട്ടാക്കട, മലയിന്‍കീഴ് സ്വദേശികളുടെ സഹായത്തോടെയാണ് രാത്രി 8:45നു യുവാവിനെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു.
സുഹൃത്തുക്കളോടൊപ്പം ഭക്ഷണം കഴിച്ച് മടങ്ങുകയായിരുന്ന അനന്തുവിനെ ഓട്ടോറിക്ഷയിലും ഇരുചക്ര വാഹനങ്ങളിലും വന്ന എട്ടംഗ സംഘം മാരകമായി ആക്രമിച്ച ശേഷം തട്ടിക്കൊണ്ടു പോവുകയായിരുന്നു. ഇടയ്ക്ക് ബഹളം വച്ച യുവാവിനെ സ്‌കൈലൈന്‍ ചെറുകോട് ഭാഗത്ത് വച്ച് വാഹനത്തില്‍ നിന്നിറക്കി ക്രൂരമായി മര്‍ദ്ദിച്ചു. അവിടെ നിന്നും സംഘം ഇയാളെ ബീമാപള്ളി ഭാഗത്തേക്ക് കൊണ്ടു പോയി. വിവരം അറിഞ്ഞ ഉടന്‍ തന്നെ അന്വേഷണം തുടങ്ങിയ വിളപ്പില്‍ശാല പൊലീസ് സംഘാംഗങ്ങളില്‍ രണ്ടുപേരെ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അതിസാഹസികമായി കാട്ടാക്കട കിള്ളിയില്‍ വച്ച് പിടികൂടി. മറ്റ് പ്രതികള്‍ പൂന്തുറ ഭാഗത്ത് ഉണ്ടെന്ന് വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. തുടര്‍ന്ന് പ്രതികള്‍ ആക്രമിച്ചു തട്ടിക്കൊണ്ടു പോയ അനന്തുവിനെ അവശനിലയില്‍ പൂന്തുറ വച്ച് കണ്ടെത്തുകയായിരുന്നു.
വിളപ്പില്‍ശാല ഇന്‍സ്‌പെക്ടര്‍ എന്‍ സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ എസ്‌ഐ ആശിഷ്, എസ്‌ഐ ബൈജു, സിപിഒമാരായ പ്രദീപ്, അരുണ്‍, രജീഷ്, വിനോദ്, അഖില്‍ കൃഷ്ണന്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.