വളരെ വ്യത്യസ്തമായ ഒരു ബിസിനസ് ആയിരുന്നു അയാൾക്ക്. വീട്ടിൽ കള്ളൻ കയറാതെയും വിലപിടിപ്പുള്ള സാധനങ്ങളൊന്നും മോഷണം പോകാതെയും എങ്ങനെ സുരക്ഷിതമായിരിക്കാം എന്ന് ആളുകൾക്ക് ഉപദേശം നൽകുക. അതായിരുന്നു ബിസിനസ്. എന്നാൽ, അതേ ആളെ തന്നെ മോഷണ കുറ്റത്തിന് പിടികൂടുക എന്നത് എന്തൊരു വൈരുധ്യമാണ് അല്ലേ?
2019 -ലാണ് സാം എഡ്വാർഡ് എന്ന 28 -കാരൻ ‘സാംസ് ബർഗ്ലറി പ്രിവൻഷൻ’ എന്ന കമ്പനി ആരംഭിക്കുന്നത്. അതിലൂടെ ആളുകൾക്ക് എങ്ങനെ മോഷ്ടാക്കളിൽ നിന്നും രക്ഷപ്പെടാം എന്നതിനുള്ള ഉപദേശമാണ് നൽകി കൊണ്ടിരുന്നത്. താൻ 20 മില്ല്യൺ ഡോളറിന്റെ സാധനങ്ങൾ മോഷ്ടിച്ചിരുന്നു എന്നും എന്നാൽ അതിൽ നിന്നെല്ലാം താൻ പിന്തിരിഞ്ഞു എന്നും സാം പറഞ്ഞിരുന്നു.
എന്നാൽ, 2022 ഏപ്രിലിൽ 11 മോഷണവും ഒരു മോഷണശ്രമവും നടത്തിയതിന് സാമിനെ അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചു. മൂന്ന് വർഷവും അഞ്ച് മാസവും സാം തടവുശിക്ഷ അനുഭവിക്കണം. 2021 സപ്തംബർ മുതൽ 2022 മാർച്ച് വരെ ആറ് മാസത്തിനുള്ളിൽ ബെർക്ക്ഷെയറിലെ വിവിധ വീടുകളിൽ നിന്നും വില കൂടിയ ഒരുപാട് വസ്തുക്കൾ സാം മോഷ്ടിച്ചിരുന്നു.
‘സാം 11 വീട്ടിൽ കയറി മോഷ്ടിക്കുകയും ഒരു വീട്ടിൽ കയറി മോഷ്ടിക്കാനുള്ള ശ്രമം നടത്തുകയും ചെയ്തു. ഒരുപാട് തുക വരുന്ന വസ്തുക്കൾ മാത്രമല്ല, ആളുകൾക്ക് ഒരുപാട് അടുപ്പമുള്ള വസ്തുക്കളും സാം മോഷ്ടിച്ചു’ എന്ന് ഡിറ്റക്ടീവ് കോൺസ്റ്റബിളായ സ്റ്റീവൻ ബഗ്ഗാലേ പറഞ്ഞു.
‘വളരെ സുരക്ഷിതമാണ് എന്ന് നിങ്ങൾക്ക് തോന്നുന്ന വീട്ടിൽ കയറിയാണ് സാം മോഷണങ്ങൾ നടത്തിയത്. അത് നിങ്ങളെ ഈ വീട് സുരക്ഷിതമല്ലെന്ന തോന്നലിലെത്തിക്കും. നിങ്ങൾക്ക് സുരക്ഷിതത്വമില്ലായ്മയും ഭയവും അനുഭവപ്പെടും’ എന്നും അദ്ദേഹം പറഞ്ഞു.
ഏതായാലും, തന്റെ ബിസിനസ് സ്ഥാപനം വഴി എങ്ങനെ കള്ളന്മാരിൽ നിന്നും രക്ഷപ്പെടാം എന്ന ടിപ്സ് പറഞ്ഞു കൊടുക്കുന്നതിന് ഏകദേശം 1800 രൂപയാണ് ഒരു മണിക്കൂറിന് സാം ഈടാക്കുന്നത്. ഇരട്ടപ്പൂട്ടുള്ള വാതിൽ, പ്രത്യേക അലാറാം സിസ്റ്റം തുടങ്ങി വിവിധ കാര്യങ്ങളെ കുറിച്ചാണ് സാം ഉപദേശം നൽകി വന്നിരുന്നത്. ‘ആളുകൾക്ക് എന്നെ വിശ്വസിക്കാം. ഞാനിത് ചെയ്യുന്നത് ജീവിക്കാൻ വേണ്ടിയാണ്’ എന്നും അന്ന് സാം പറഞ്ഞിരുന്നു.
ഏതായാലും ഇനിയിപ്പോ മൂന്നുമൂന്നര വർഷത്തേക്ക് ബിസിനസും ഉപദേശവും ഒന്നുമില്ലാതെ ജയിലഴികൾക്കുള്ളിൽ കഴിയേണ്ടി വരും സാമിന്.