കോഴിക്കോട്: താമരശ്ശേരിയിൽ ആനക്കൊമ്പ് കഷ്ണങ്ങളുമായി യുവാവ് പിടിയില്‍. ആലപ്പുഴ തൊണ്ടംകുളങ്ങര ചെമ്മുകത്ത് ശരത്ത്(35) നെയാണ് വനംവകുപ്പിന്‍റെ ഫ്ലൈയിംഗ് സ്ക്വാഡ് പിടികൂടിയത്. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍റില്‍ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. യുവാവില്‍ നിന്നും ചെറുകഷണങ്ങളായി മുറിച്ച നിലയിലുള്ള ആനക്കൊമ്പ് വനംവകുപ്പ് കണ്ടെടുത്തു. ശരത്തിന്‍റെ കൈവശമുണ്ടായിരുന്ന കവറിൽ നിന്നാണ് ആനക്കൊമ്പ് കണ്ടെടുത്തത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് പ്രതി പിടിയിലായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കോഴിക്കോട് സ്വദേശിയായ ഇടനിലക്കാരന് കൈമാറാനായി ആലപ്പുഴയില്‍ നിന്നും സുഹൃത്ത് കൊടുത്തു വിട്ടതായിരുന്നു ആനക്കൊമ്പ് എന്നാണ് പ്രതി പറയുന്നത്. എന്നാല്‍ സുഹൃത്തിന് ഇത് എവിടെ നിന്ന് കിട്ടി എന്ന കാര്യത്തില്‍ ഇയാള്‍ക്ക് വിവരമില്ല. ചൊവ്വാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍റില്‍ നിന്നും ഇയാളെ പിടികൂടിയത്.
ശരത് ആനക്കൊമ്പ് കച്ചവടത്തിലെ ഇടനിലക്കാരനാണെന്നാണെന്നാണ് വനംവകുപ്പിന് ലഭിച്ച വിവരം. താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധന പൂര്‍ത്തിയാക്കിയ പ്രതിയെ താമരശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ഫ്ലയിങ് സ്ക്വാഡ് റെയ്ഞ്ച് ഓഫീസർ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.