മുംബൈ: മുന്നിലും പിന്നിലും പെൺകുട്ടികളെയുമായി ബൈക്കിൽ അഭ്യാസ പ്രകടനം നടത്തിയ യുവാവിനെതിരെ കേസെടുത്ത് പൊലീസ്. മുംബൈയിലാണ് സംഭവം. വീഡിയോ വൈറലായതിനെ തുടർന്നാണ് പൊലീസ് നടപടിയെടുത്തത്. അപകടകരമായ രീതിയിലാണ് യുവാവ് പെൺകുട്ടികളെയുമിരുത്തി ബൈക്കഭ്യാസം നടത്തിയത്. മൂവരും ഹെൽമറ്റ് ധരിച്ചിരുന്നില്ല. സംഭവത്തിൽ മൂന്ന് പേർക്കെതിരെയും ബികെസി പൊലീസ് കേസെടുത്തു.
പ്രതികളെ തിരിച്ചറിയുന്നതിനുള്ള അന്വേഷണം നടക്കുകയാണെന്നും വീഡിയോയിലുള്ളവരെ കുറിച്ച് ആർക്കെങ്കിലും എന്തെങ്കിലും വിവരം ഉണ്ടെങ്കിൽ ബന്ധപ്പെടണമെന്നും മുംബൈ ട്രാഫിക് പൊലീസ് ട്വിറ്ററിൽ കുറിച്ചു. പോത്തോൾ വാരിയേഴ്‌സ് ഫൗണ്ടേഷൻ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയാണ് വൈറലായത്. അപകടകരമായ രീതിയിൽ ഏകദേശം ഒരു കിലോമീറ്ററോളം ദൂരത്തിൽ യുവാവ് ബൈക്കോടിക്കുന്നത് വീഡിയോയിൽ കാണാം.
ഫെബ്രുവരിയില്‍ രാജസ്ഥാനില്‍ ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിലിരുന്ന് പരസ്പരം ഉമ്മ വയ്ക്കുകയും കെട്ടിപ്പിടിക്കുകയുമെല്ലാം ചെയ്ത യുവാവിന്‍റെയും യുവതിയുടെയും വീഡിയോ വൈറലായിരുന്നു. തിരക്കുള്ള റോഡിലൂടെ പോയിക്കൊണ്ടിരിക്കെ ഉമ്മ വയ്ക്കുകയും കെട്ടിപ്പിടിക്കുകയുമെല്ലാം ചെയ്യുന്ന വീഡിയോയാണ് പുറത്തായത്. രാജസ്ഥാനിലെ അജ്മീറിലായിരുന്നു സംഭവം. വീഡിയോ വൈറലായതോടെ രാജസ്ഥാൻ പൊലീസ് അജ്മീര്‍ പൊലീസിനെ ട്വിറ്ററില്‍ ടാഗ് ചെയ്ത് വേണ്ട നടപടിയെടുക്കാൻ ആവശ്യപ്പെട്ടു.
ഇതനുസരിച്ച് അജ്മീര്‍ പൊലീസ് ബൈക്ക് കണ്ടെടുത്തു. യാത്ര ചെയ്തിരുന്ന യുവതിയെയും യുവാവിനെയും കുറിച്ച് പക്ഷേ പൊലീസ് സൂചനകളൊന്നും നല്‍കിയിരുന്നില്ല. ഇത്തരത്തിലുള്ള വീഡിയോകള്‍ വ്യാപകമായി പ്രചരിക്കുമ്പോള്‍ വേണ്ട നടപടിയെടുത്തില്ലെങ്കില്‍ അത് പിന്നീട് സമാനമായ സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിന് ഇടയാക്കുമെന്ന് വീഡിയോ കണ്ടവരെല്ലാം കമന്‍റിലൂടെ അഭിപ്രായപ്പെടുന്നു. ഇവരുടെ ജീവൻ മാത്രമല്ല, റോഡിലൂടെ യാത്ര ചെയ്യുന്ന മറ്റുള്ളവരുടെ ജീവനും ഭീഷണിയുയര്‍ത്തുകയാണ് ഇവരെന്നും ധാരാളം പേര്‍ പറയുന്നു.