എലിസബത്ത് രാജ്ഞിയുടെ സംസ്കാരച്ചടങ്ങുകളില്‍ ശവമഞ്ചത്തെ അനുഗമിച്ച യുവ സൈനികനെ ബാരക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 18 വയസ് മാത്രം പ്രായമുള്ള ഗാര്‍ഡ്മാനായ ജാക്ക് ബര്‍നെല്‍ വില്യംസിനെയാണ് സ്വന്തം ബാരക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലണ്ടനിലെ നെറ്റ്സ് ബ്രിഡ്ജിലുള്ള ഹൈഡെ പാര്‍ക്ക് ബാരക്കിലാണ് വില്യംസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സെപ്തംബര്‍ 19ന് നടന്ന എലിസബത്ത് രാജ്ഞിയുടെ മൃതസംസ്കാര ചടങ്ങുകളില്‍ വില്യംസ് പങ്കെടുത്തിരുന്നു. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് വില്യംസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസും മറ്റ് അവശ്യ സേവന പ്രവര്‍ത്തകരും സൈനികനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. സംഭവ സ്ഥലത്ത് വച്ച് തന്നെ ഇയാള്‍ മരിച്ചതായാണ് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സൈനികന്‍റെ മരണത്തില്‍ അസ്വഭാവികതയുണ്ടോയെന്ന് പരിശോധിക്കുന്നതായാണ് പൊലീസ് വിശദമാക്കുന്നത്.
ഹൌസ്ഹോള്‍ഡ് കാവല്‍റി മൌണ്ടഡ് റെജിമെന്‍റിന്‍റെ ഭാഗമായാണ് വില്യംസ് എലിസബത്ത് രാജ്ഞിയുടെ ശവമഞ്ചത്തെ അനുഗമിച്ചത്. അന്തരിച്ച ബ്രിട്ടീഷ് രാജ്ഞിയുടെ ശവമഞ്ചത്തെിനെ 1953 ൽ രാജ്ഞിയുടെ കിരീടധാരണം നടന്ന ദേവാലയമായ വെസ്റ്റ്മിൻസ്റ്റർ ആബി മുതല്‍ വെല്ലിംഗ്ടണ്‍ ആര്‍ച്ച് വരെയാണ് വില്യംസ് അനുഗമിച്ചത്. സൈനികന്‍റെ കുടംബത്തിനുണ്ടായ നഷ്ടത്തില്‍ നിരവധിപ്പേരാണ് അനുശോചനം അറിയിക്കുന്നത്. കിരീട ധാരണം നടന്നതിന്റെ എഴുപതാം വർഷത്തിലാണ് ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് അന്തരിച്ചത്.
സ്കോട്ട്ലൻറിലെ ബാൽമോറൽ കാസിലിലായിരുന്നു രാജ്ഞിയുടെ അവസാന നിമിഷങ്ങൾ. ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ രാജ്ഞി ഡോക്ടർമാരുടെ പരിചരണത്തിലായിരുന്നു. കീരീടാവകാശിയായ ചാൾസ് രാജകുമാരനും ഭാര്യ കാമിലയും രാജ്ഞിയുടെ മകൾ പ്രിൻസസ് ആനും ബാൽമോറൽ കാസിലിൽ മരണസമയത്ത് എലിസബത്ത് രാജ്ഞിക്ക് ഒപ്പമുണ്ടായിരുന്നു.