തിരുവനന്തപുരം: കുടുംബ കോടതിയിൽ നിന്ന് കേസ് കഴിഞ്ഞ് ഇറങ്ങിയ യുവതിയെ ആക്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. കല്ലറ കുറുമ്പയം കഴുകൻ പച്ച വി.സി.ഭവനിൽ രഞ്ജിത്തിനെ(35)യാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് കുടുംബ കോടതിയിൽ നിന്ന് വിചാരണ കഴിഞ്ഞ് ഇറങ്ങിയ കല്ലറ സ്വദേശിയായ യുവതിക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഭർത്താവും യുവതിയും തമ്മിൽ വേർപിരിഞ്ഞ കേസിന്റെ വിചാരണയ്ക്കാണ് ഇവർ കോടതിയിൽ എത്തിയത്. വിചാരണ കഴിഞ്ഞ് പുറത്തിറങ്ങിയ യുവതിയെ ഭർത്താവായ രഞ്ജിത്ത് ദേഹോപദ്രവം ഏൽപ്പിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
വിചാരണയ്ക്കെത്തിയ ഇരു കക്ഷികളോടും പരസ്പരം എന്തെങ്കിലും സംസാരിക്കാൻ ഉണ്ടോ എന്ന് ജഡ്ജി ചോദിച്ചപ്പോൾ യുവതി ഇല്ലെന്ന് പറഞ്ഞതിൽ പ്രകോപിതനായ ഭർത്താവ് വിചാരണ കഴിഞ്ഞ് അമ്മയ്ക്കൊപ്പം മടങ്ങുകയായിരുന്ന യുവതിയെ സ്വകാര്യ ബസിൽ കയറുന്ന സമയത്ത് പിന്നാലെ എത്തി പിടിച്ച് വലിച്ച് താഴെ ഇട്ടു ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സംഭവം കണ്ടുനിന്ന നാട്ടുകാരിൽ ചിലർ പ്രതിയെ പിടിച്ച് മാറ്റാൻ ശ്രമിച്ചെങ്കിലും പ്രതി ഇവരുമായും പിടിവലി നടത്തിയതായി പൊലീസ് പറയുന്നു.
സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുത്താണ് യുവതിയെ രക്ഷപ്പെടുത്തിയത്. പ്രതി മുൻപും ദേഹോപദ്രവം ഏൽപ്പിച്ചിട്ടുണ്ടെന്ന് യുവതി പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. പ്രതിയുടെ ശല്യം കാരണം നെടുമങ്ങാട് കുംടുംബകോടതിയിൽ നിന്നും യുവതി ഗാർഹിക പീഡന നിയമ പ്രകാരം പ്രൊട്ടകക്ഷൻ ഓർഡർ വാങ്ങിയിരുന്നു. ഇത് നിലനിൽക്കെ ആണ് പ്രതി കോടതി ഉത്തരവ് ലംഘിച്ചു കൊണ്ടു യുവതിയെ ആക്രമിച്ചത്. പൊതു സ്ഥലത്ത് വച്ച് സ്ത്രീത്വത്തെ അപമാനിക്കൽ, ദേഹോപദ്രവം ഏൽപ്പിക്കൽ, ഗാർഹിക പീഡനം എന്നീ വകുപ്പുകൾ ചുമത്തി ആണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് നെടുമങ്ങാട് സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.