കോഴിക്കോട്: അത്യപൂർവമായ ഒരു ജീവിതം വീണ്ടെടുക്കലിന് കാരണക്കാരായി മാറിയതിന്റെ സന്തോഷത്തിലാണ് കോഴിക്കോട് മെഡിക്കൽ കോളജിലെ ഒരുകൂട്ടം ഡോക്ടർമാർ. വെള്ളിയാഴ്ച പുലർച്ചയോടെയാണ് മലപ്പുറം സ്വദേശിനിയായ യുവതിയെ മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിലെത്തിച്ചത്.
മലപ്പുറം സ്വദേശിനി അബദ്ധത്തിൽ വിഴുങ്ങിയത് നീണ്ട ഒരു പപ്പടക്കോലായിരുന്നു. വളരെ പ്രശസ്തമായ സ്വകാര്യ ആശുപത്രികൾപോലും കൈവെടിഞ്ഞപ്പോഴാണ് 33കാരിയുമായി ഭർത്താവ് മെഡിക്കൽ കോളജിലെത്തിയത്. എക്സ് റേയിൽ പപ്പടക്കമ്പി വളരെ വ്യക്തമായിരുന്നു. അന്നനാളത്തിലൂടെ പോയി ഇടതു ശ്വാസ കോശം തുരന്ന് ആമാശയത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു ലോഹത്തിൽ തീർത്ത പപ്പടക്കമ്പി.
ഓപറേഷൻ ചെയ്യുകയാണെങ്കിൽ അതിസങ്കീർണമാണ് കാര്യങ്ങളെന്ന് എല്ലാവർക്കും ബോധ്യമായിരുന്നു. ഹൃദയമടക്കമുള്ള അവയവങ്ങൾ മുഴുവനായും തുറന്നുമാത്രമേ കോൽ പുറത്തെടുക്കാനാവൂ. വിജയസാധ്യതയാണെങ്കിൽ തീരെ കുറവ്. ഈ അവസ്ഥയിലാണ് മെഡിക്കൽ കോളജിലെ വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാർ ഒന്നിച്ചുചേർന്ന് വായിൽക്കൂടി തന്നെ കോൽ വലിച്ചെടുക്കാനുള്ള സാധ്യതയെക്കുറിച്ച് ചിന്തിച്ചത്. ഇ.എൻ.ടി, അനസ്തേഷ്യ, കാർഡിയോ തൊറാസിക് സർജറി, ജനറൽ സർജറി വിഭാഗങ്ങളിലെ ഡോക്ടർമാരുടെ കഠിനാധ്വാനവും സമയോചിതമായ ഇടപെടലും മൂലം വലിയ പരിക്കുകൾ കൂടാതെ പപ്പടക്കോൽ വായിലൂടെ തന്നെ വലിച്ചെടുക്കാൻ സാധിച്ചു.
‘‘ഭാഗ്യം തുണച്ചു എന്നത് നേരാണ്. എന്നാൽ, ഡോക്ടർമാരുടെ കൂട്ടായ പ്രവർത്തനവും മെഡിക്കൽ കോളജിലെ ആധുനിക ഉപകരണങ്ങളും കൂടിയാണ് സംരംഭം വിജയത്തിലെത്തിച്ചത്’’ -ഡോ. ഫിജുൽ കോമു പറഞ്ഞു. ഏത് നിമിഷവും ഹൃദയം തുറന്നുള്ള ഓപറേഷൻ വേണ്ടിവരാം എന്നുള്ളതുകൊണ്ടുതന്നെ അതിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയതിനു ശേഷമായിരുന്നു രോഗിയെ ബോധംകെടുത്തി കമ്പി പുറത്തെടുക്കാൻ ശ്രമിച്ചത്. ഏതു സമയത്തും ലോഹക്കമ്പി പൊട്ടിപ്പോകാനും ഏതെങ്കിലും ആന്തരികാവയവങ്ങളിൽ കമ്പിയുടെ കൂർത്ത ഭാഗം തട്ടി രക്തസ്രാവം ഉണ്ടാകാനും സാധ്യതയുണ്ടായിരുന്നു. ഫൈബർ ഒപ്റ്റിക് ഇൻടുബേറ്റിങ് വിഡിയോ എൻഡോസ്കോപ്, ഡയറക്ട് ലാറിങ്നോസ്കോപി എന്നീ ആധുനിക ഉപകരണങ്ങളാണ് ഈ സമയം ഡോക്ടർമാരുടെ രക്ഷക്കെത്തിയത്. ഐ.സി.യുവിൽ യുവതി ഇപ്പോൾ സുഖം പ്രാപിച്ചുവരുകയാണ്.
ഇ.എൻ.ടി അസോസിയറ്റ് പ്രഫസർ എം.കെ. ശ്രീജിത്, അനസ്തേഷ്യ പ്രഫസർമാരായ പി.എം.എ. ബഷീർ, ഫിജുൽ കോമു, എസ്. വിനീത, സർജറി പ്രഫ. ഷാജഹാൻ, കാർഡിയോ തൊറാസിക് സർജൻ അതുൽ എന്നിവരാണ് നേതൃത്വം നൽകിയത്. പെർഫ്യൂഷൻ ടെക്നീഷ്യൻ ബാലൻ, അനസ്തേഷ്യ ടെക്നീഷ്യന്മാരായ മുബീന ഷിനി, ഹനീഫ പാനായി, സ്റ്റാഫ് നഴ്സ് ഹിമാബാല എന്നിവരും പങ്കാളികളായി.