കൊച്ചി : തൃക്കാക്കരയിൽ ഉപതെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് പുരോഗമിക്കവെയാണ് ഇടത് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫിന്‍റെ വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിച്ച സംഭവത്തിലെ പ്രധാനി പിടിയിലാകുന്നത്. വീഡിയോ ട്വിറ്ററില്‍ അപ്‍ലോഡ് ചെയ്ത മലപ്പുറം കോട്ടക്കൽ സ്വദേശി അബ്ദുൾ ലത്തീഫാണ് പിടിയിലായത്. ഇതിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി എഎ റഹീം എംപി രംഗത്തെത്തി. ജനം ഇതെല്ലാം കാണുന്നുണ്ട്. തൃക്കാക്കരയിലെ പ്രബുദ്ധരായ ജനങ്ങൾ കോൺഗ്രസ്സിന്റെ അധമമായ പ്രചാരണശൈലിക്കെതിരെ വോട്ട് ചെയ്യുമെന്ന് ഉറപ്പാണെന്ന് റഹീം പറഞ്ഞു.
ഫേസ്ബുക്കിലൂടെയാണ് എംപിയുടെ പ്രതികരണം. ”കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവ് വെല്ലുവിളിച്ചത് അപ്‌ലോഡ് ചെയ്ത ആളെ പിടിക്കൂ എന്നാണ്. ഇതാ പിടിച്ചിരിക്കുന്നു. യുഡിഎഫിലെ നിരവധി നേതാക്കളും പ്രവർത്തകരും കഴിഞ്ഞ മണിക്കൂറുകളിൽ വ്യാജ വീഡിയോ കേസിൽ അറസ്റ്റിലായി. പ്രതികളിൽ ഒരാളെപ്പോലും ഈ നിമിഷം വരെ കോൺഗ്രസ്സോ മുസ്ലിം ലീഗോ പുറത്താക്കിയിട്ടില്ല. ഇങ്ങനെയൊരു വീഡിയോ കയ്യിൽ കിട്ടിയാൽ ആരായാലും പ്രചരിപ്പിക്കും എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. കേരള രാഷ്ട്രീയത്തിൽ ജോ ജോസഫ് നേരിട്ടതിന് സമാനമായ നിന്ദ്യമായ വ്യാജപ്രചരണം മറ്റാരും നേരിടേണ്ടി വന്നിട്ടില്ല. ജനം ഇതെല്ലാം കാണുന്നുണ്ട്. തൃക്കാക്കരയിലെ പ്രബുദ്ധരായ ജനങ്ങൾ കോൺഗ്രസ്സിന്റെ അധമമായ പ്രചാരണശൈലിക്കെതിരെ വോട്ട് ചെയ്യുമെന്ന് ഉറപ്പാണ്’- എഎ റഹീം എപി പറഞ്ഞു.