തിരുവനന്തപുരം: ആധാറും വോട്ടർ തിരിച്ചറിയൽ കാർഡും ബന്ധിപ്പിക്കാൻ വോട്ടർമാരെ പ്രേരിപ്പിക്കുന്ന പ്രചാരണ പരിപാടി സംസ്ഥാനത്ത് ഈ മാസം 4 ന് ആരംഭിച്ചേക്കും. ആധാർ വിവരങ്ങൾ സ്വമേധയാ നൽകാൻ തയാറാകുന്ന വോട്ടർമാരുടെ വിവരങ്ങളാണ് ഇനി ബന്ധിപ്പിക്കുക. ഇതിനായി പ്രത്യേക ഫോമിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ www.nvsp.in എന്ന പോർട്ടൽ വഴിയോ മൊബൈൽ ആപ് വഴിയോ ഓൺലൈനായി വിവരങ്ങൾ പൂരിപ്പിച്ച് ആധാർ കാർഡിലെ ഫോട്ടോ ഉൾപ്പെടുന്ന ഭാഗം അപ്‌ലോഡ് ചെയ്യുന്ന തരത്തിലാകും ക്രമീകരണം. ഇലക്‌ഷൻ വിഭാഗം ഉദ്യോഗസ്ഥർക്ക് ഇതിനുള്ള പരിശീലനം ജില്ലകളിൽ ആരംഭിച്ചു.
വോട്ടർ പട്ടികയിലെ ഇരട്ടിപ്പ് ഒഴിവാക്കി സുതാര്യത കൈവരുത്താൻ എന്ന പ്രഖ്യാപനത്തോടെ കേന്ദ്ര സർക്കാർ കഴിഞ്ഞ ഡിസംബറിലാണ് ആധാറും വോട്ടർ തിരിച്ചറിയൽ കാർഡും ബന്ധിപ്പിക്കാൻ തിരഞ്ഞെടുപ്പ് നിയമത്തിൽ ഭേദഗതി കൊണ്ടുവന്നത്. ഈ വർഷം ജൂണിൽ കേന്ദ്ര സർക്കാർ വിജ്ഞാപനമിറക്കി. ഭേദഗതി നിയമത്തെ കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷ കക്ഷികൾ എതിർത്തിരുന്നു. പൂർണമായി എതിർത്തില്ലെങ്കിലും രണ്ട് ലക്ഷ്യങ്ങൾ ഉള്ള തിരിച്ചറിയൽ രേഖകൾ ബന്ധിപ്പിക്കേണ്ട ആവശ്യം എന്താണെന്ന നിലപാടാണു സിപിഎം സ്വീകരിച്ചത്. നിലവിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണു പ്രചാരണ പരിപാടി ആരംഭിച്ചിട്ടുള്ളത്.