തിരുവനന്തപുരം : പഞ്ചായത്തുകളില്‍ നിന്നു പദ്ധതിവിഹിതം ലഭിക്കാന്‍ ഗുണഭോക്താക്കള്‍ തിരിച്ചറിയല്‍ രേഖയായി ഇനി ആധാര്‍ സമര്‍പ്പിക്കണം. ആടും കോഴിയും പശുവും പച്ചക്കറിവിത്തും ചെടികളും സാധനങ്ങളും പണവും ഉള്‍പ്പെടെ ഏതു വിഹിതത്തിനുള്ള ഗുണഭോക്തൃപ്പട്ടികയില്‍ ഉള്‍പ്പെട്ടാലും ആധാര്‍ ആധികാരിക രേഖയാകും. തദ്ദേശ വകുപ്പിന്റെ ഓണ്‍ലൈനായുള്ള പരാതിപരിഹാര സംവിധാനത്തില്‍ അപേക്ഷകരെ തിരിച്ചറിയാനും ആധാര്‍ ഉപയോഗിക്കും. ഇതുസംബന്ധിച്ച് തദ്ദേശ വകുപ്പ് വിജ്ഞാപനം പുറത്തിറക്കി. ആധാര്‍ സമര്‍പ്പിക്കാനായി കേന്ദ്ര നിയമപ്രകാരം അപേക്ഷകന്റെ സമ്മതപത്രം വാങ്ങും. ഇന്റഗ്രേറ്റഡ് ലോക്കല്‍ ഗവണ്മെന്റ് മാനേജ്മെന്റ് സിസ്റ്റം (ഐഎല്‍ജിഎംഎസ്) എന്ന ഓണ്‍ലൈന്‍ സേവന സംവിധാനം നടപ്പാക്കിയ 309 പഞ്ചായത്തുകളിലാണ് പരിഷ്കാരം ആദ്യം നടപ്പാക്കുക. ഏപ്രില്‍ മുതല്‍ ഐഎല്‍ജിഎംഎസ് സേവനം ബാക്കിയുള്ള 632 പഞ്ചായത്തുകളിലും വ്യാപിപ്പിക്കുമ്പോള്‍ പഞ്ചായത്തുതലത്തില്‍ പരിഷ്കാരം പൂര്‍ണമാകും.
നിലവില്‍ തദ്ദേശസ്ഥാപനങ്ങള്‍ വഴി വിതരണം ചെയ്യുന്ന 5 തരം ക്ഷേമപെന്ഷന് വാങ്ങുന്നവര്‍ നിര്‍ബന്ധമായും ആധാര്‍ വിവരങ്ങള്‍ നല്‍കണം. ഈ വിജ്ഞാപനത്തോടെ, വിധവകളുടെ മക്കള്‍ക്കുള്ള വിവാഹ ധനസഹായ വിതരണത്തിനു കൂടി ആധാര്‍ സമര്‍പ്പിക്കേണ്ടി വരുമെന്നു പഞ്ചായത്ത് ഡയറക്ടറേറ്റ് അധികൃതര്‍ വ്യക്തമാക്കി. ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ തവണ ഈ വിഹിതം നല്കാന് നിയമം അനുവദിക്കുന്നില്ല.