ദില്ലി:പ്രതിപക്ഷ സഖ്യത്തിൽ കടുത്ത നിലപാടുമായി ആം ആദ്മി പാർട്ടി .ഷിംല യോഗത്തിൽ പങ്കെടുക്കണമെങ്കിൽ ദില്ലി ഓർഡിനൻസിൽ കോൺഗ്രസ് നിലപാട് പ്രഖ്യാപിക്കണമെന്ന് ആം ആദ്മി പാർട്ടി വ്യക്തമാക്കി.പാർലമെൻ്റ് സമ്മേളനം വരെ കാത്തിരിക്കണമെന്ന കോൺഗ്രസ് നിലപാട് അംഗീകരിക്കാനാവില്ലെന്നും കോൺഗ്രസ് നിലപാട് ദുരൂഹമാണെന്നുമാണ് ആപ് പറയുന്നത്. അതേ സമയം കോൺഗ്രസും നിലപാട് കടുപ്പിച്ച് തന്നെയാണ്. രാഹുൽ ഗാന്ധിക്കെതിരെ ബിജെ പിയുമായി ചേർത്ത് അപ് വക്താവുന്നയിച്ച ഗൂഢാലോചന ആരോപണം പിൻവലിക്കണം.ചർച്ചകൾക്ക് ശേഷം മാത്രമേ നിലപാട് പ്രഖ്യാപിക്കാനാവൂയെന്നും കോൺഗ്രസ് വ്യക്തമാക്കി. തർക്കം മൂത്താൽ ഇരു കൂട്ടരേയും അനുനയിപ്പിക്കാൻ നിതീഷ് കുമാർ ഇടപെട്ടേക്കും.
രണ്ടായിരത്തി ഇരുപത്തി നാല് ലക്ഷ്യമാക്കിയുള്ള നീക്കത്തിന് ഏതാണ്ട് തുടക്കം കുറിക്കാൻ പറ്റ്നയിൽ പ്രതിപക്ഷ പാർട്ടികൾക്കായി. എന്നാൽ നേതാവിനെയും മുന്നണിയുടെ സ്വഭാവത്തെയും ചൊല്ലിയുള്ള ആശയക്കുഴപ്പം തുടരുകയാണ്. ആയിരത്തി തൊള്ളായിരത്തി എഴുപത്തിയേഴിൽ ജനതാ തരംഗത്തിലൂടെ ഇന്ദിരാഗാന്ധിയെ അട്ടിമറിക്കാൻ അന്നത്തെ പ്രതിപക്ഷം യോജിച്ചിരുന്നു. 89ൽ വിപി സിംഗിൻറെ നേതൃത്വത്തിൽ രാജീവ് ഗാന്ധിക്കെതിരെ ബിജെപിയും ഇടതുപാർട്ടികളും ഒരേ വേദിയിലെത്തി. രണ്ടായിരത്തി നാലിൽ സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള യുപിഎ അധികാരത്തിലെത്താനും സമാന നീക്കം സഹായിച്ചു. നരേന്ദ്രമോദിക്കെതിരെ പ്രതിപക്ഷം പാറ്റ്നയിൽ നടത്തിയ ഐക്യനീക്കം ദേശീയ രാഷ്ട്രീയത്തിൽ ചലനങ്ങൾ ഉണ്ടാക്കാൻ ശേഷിയുള്ളതാണ്. ഇത്രയും പ്രാദേശിക നേതാക്കൾ ഒന്നിച്ചു നില്ക്കുന്നത് വോട്ട് ഭിന്നിച്ചു പോകുന്നത് തടയും.
എന്നാൽ മുന്നണിയുടെ സ്വഭാവം എന്ത് എന്നതിൽ ആശയക്കുഴപ്പം തുടരുകയാണ്. സംസ്ഥാനതലത്തിലെ സഖ്യം മതി എന്നാണ് ഇടതുപക്ഷം ഉൾപ്പടെ വാദിച്ചിരുന്നത്. എന്നാൽ തെരഞ്ഞെടുപ്പിൽ ദേശീയതലത്തിൽ സീറ്റു ധാരണ വേണം എന്ന ആവശ്യമാണ് യോഗത്തിൽ ഉയർന്നത്. ദേശീയ തലത്തിൽ മുന്നണിയായാൽ നേതാവ് ആര് എന്നതിലും തല്ക്കാലം ധാരണയില്ല. കോൺഗ്രസുമായി മത്സരിച്ചിരുന്ന പ്രാദേശിക പാർട്ടികൾ മോദിയെ തോല്പിക്കാൻ വേണ്ടി മാത്രം അവരുടെ പിറകെ പോകുകയാണെന്ന് ബിജെപി പരിഹസിച്ചു.കെജ്രിവാൾ തെറ്റിയത് നിതീഷ്കുമാറിൻറെ നീക്കത്തിന് കല്ലുകടിയായി. ബിആർഎസ് ബിഎസപി ആർഎൽഡി തുടങ്ങിയ പാർട്ടികൾ ഇപ്പോഴും വിട്ടു നില്ക്കുകയാണ്. എങ്കിലും ഐക്യനീക്കം തുടരാനും ഒന്നിച്ചു നില്ക്കാനും തീരുമാനിച്ചത് നല്ല തുടക്കമെന്ന ആശ്വാസത്തിലാണ് പല നേതാക്കളും.