അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്. 2017ല്‍ 77 സീറ്റ് നേടിയപ്പോള്‍ 2022ല്‍ വെറും 19 സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കുന്നത്. 58 സീറ്റാണ് കോണ്‍ഗ്രസിന് നഷ്ടം. വോട്ടുവിഹിതത്തിലും കോണ്‍ഗ്രസിന് വന്‍ നഷ്ടം സംഭവിച്ചു. അതേസമയം, ഗുജറാത്തില്‍ കന്നി പോരാട്ടത്തിനിറങ്ങിയ എഎപിക്ക് ഒമ്പത് സീറ്റില്‍ മുന്നിലാണ്. പലയിടത്തും ആം ആദ്മി പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ വോട്ടില്‍ വിള്ളലുണ്ടാക്കി.
തെരഞ്ഞെടുപ്പിനെ അലക്ഷ്യമായി നേരിട്ടതാണ് കോണ്‍ഗ്രസിന് തിരിച്ചടിയായത്. ബിജെപിയും എഎപിയും ദേശീയ നേതാക്കളെയടക്കം ഇറക്കി പ്രചാരണം കൊഴുപ്പിച്ചപ്പോള്‍ രാഹുല്‍ ഗാന്ധിയടക്കമുള്ള ദേശീയ നേതാക്കള്‍ കോണ്‍ഗ്രസിന് വേണ്ടി സജീവമായി രംഗത്തിറങ്ങിയില്ല. എഎപി കോണ്‍ഗ്രസിന്‍റെ വോട്ടില്‍ വിള്ളല്‍ വീഴ്ത്തുമെന്ന് മിക്ക എക്സിറ്റ് പോളുകളും പ്രവചിച്ചിരുന്നു. ഗുജറാത്തില്‍ 2017നേക്കാള്‍ അമ്പതിലധികം സീറ്റ് അധികം നേടിയാണ് കരുത്ത് തെളിയിച്ചത്.
ഗുജറാത്തിൽ 182 സീറ്റുകളാണ് ആകെയുള്ളത്. 33 ജില്ലകളിലായി 37 കേന്ദ്രങ്ങളാണ് വോട്ടെണ്ണലിനായി തയ്യാറാക്കിയിരിക്കുന്നത്. ആദ്യം പോസ്റ്റൽ ബാലറ്റുകളാണ് എണ്ണുക. 182 ഒബ്സർവർമാർ അടക്കം 700ഓളം ഉദ്യോഗസ്ഥരെയാണ് കൗണ്ടിംഗ് സ്റ്റേഷനുകളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിക്കുക. മൂന്ന് നിര സുരക്ഷാ ക്രമീകരണങ്ങളും ഓരോ കേന്ദ്രത്തിലും ഏർപ്പെടുത്തും.
മൂന്ന് പതിറ്റാണ്ടായി സംസ്ഥാനം ഭരിക്കുന്ന ബിജെപിക്ക് ഒരു തവണ കൂടി ലഭിക്കുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചത്. എന്നാൽ ഭരണ വിരുധ വികാരം തുണയ്ക്കുമെന്ന പ്രതീക്ഷ കോൺഗ്രസ് ക്യാമ്പിനുമുണ്ട്. ആംആദ്മി പാർട്ടി എന്ത് സ്വാധീനമാണ് ഇത്തവണ ഉണ്ടാക്കുന്നതെന്നും കണ്ടറിയേണ്ടി വരും. ഹിമാചലില്‍ ബലാബലമുള്ള പോരാട്ടമാണ് മിക്ക എക്സിറ്റ് പോളുകളും പ്രവചിച്ചത്. ഹിമാചല്‍ പ്രദേശില്‍ ഫോട്ടോഫിനിഷിലേക്ക് പോകുമെന്നാണ് സൂചന.