ന്യൂ ഡൽഹി: ആം ആദ്മി പാർട്ടി നേതാവ് രാഘവ് ഛദ്ദയെ ഗുജറാത്തിൽ പാർട്ടിയുടെ ചുമതലക്കാരനായി നിയമിച്ചതു മുതൽ അറസ്റ്റ് ചെയ്യാനുള്ള ഒരുക്കങ്ങൾ നടക്കുകയാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. അതേസമയം, ഛദ്ദയെ അറസ്റ്റ് ചെയ്യാൻ ഏത് ഏജൻസിയാണ് പദ്ധതിയിടുന്നതെന്നും എന്ത് കുറ്റങ്ങളാണ് ആരോപിക്കാൻ പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയില്ല.
ഈ വർഷം ആദ്യം പഞ്ചാബിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ച രാജ്യസഭാ എം.പിയാണ് ഛദ്ദ. ഈ വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിൽ പാർട്ടിയുടെ സഹ ചുമതലക്കാരനായി അടുത്തിടെയാണ് ഛദ്ദയെ നിയമിച്ചത്. ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പങ്കെടുക്കാൻ തുടങ്ങിയത് മുതൽ രാഗവ് ഛദ്ദയെ അറസ്റ്റ് ചെയ്യുമെന്നാണ് നമ്മൾ കേൾക്കുന്നത് എന്നും കെജ്രിവാൾ പറഞ്ഞു. ഏത് കേസിൽ അറസ്റ്റ് ചെയ്യണമെന്നും എന്തൊക്കെ കുറ്റങ്ങൾ ആരോപിക്കണം തുടങ്ങിയ കാര്യങ്ങൾ തീരുമാനിച്ചുകൊണ്ടിരിക്കുകയാണ് അവർ എന്നും അദ്ദേഹം ആരോപിച്ചു.
നേരത്തെ ഡൽഹി മദ്യ നയ അഴിമതിയുമായി ബന്ധപ്പെട്ട് പാർട്ടിയുടെ മീഡിയ കമ്മ്യൂണിക്കേഷൻസിന്റെ ചുമതലയുള്ള വിജയ് നായരെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. വിജയ് നായരുടെ അറസ്റ്റിൽ കേന്ദ്രത്തെ വിമർശിച്ച കെജ്രിവാൾ പാർട്ടി പ്രവർത്തകരോടും നേതാക്കളോടും ജയിലിൽ പോകാൻ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു. ഗുജറാത്തിൽ പരാജയപ്പെടുമെന്ന് ബി.ജെ.പി ഭയപ്പെടുന്നതിനാൽ ആം ആദ്മി പാർട്ടിയിൽ നിന്നുള്ള ആരെയും ഇപ്പോൾ കള്ളക്കേസിൽ അറസ്റ്റ് ചെയ്തേക്കാം എന്നും അദ്ദേഹം വ്യക്തമാക്കി.