അഹമ്മദാബാദ് : ഗുജറാത്തിലെ കോൺഗ്രസ് നേതാവ് ഹർദിക് പട്ടേലിനെ ക്ഷണിച്ച് ആം ആദ്മി പാർട്ടി നേതാവ് ഗോപാൽ ഇട്ടാലിയ. കോൺഗ്രസിൽ താൻ അതൃപ്തനാണെന്ന് ഹർദിക് പട്ടേൽ വ്യക്തമാക്കിയതിന് പിന്നാലെയാണ് അദ്ദേഹത്തെ ആം ആദ്മിയിലേക്ക് ക്ഷണിച്ചത്. എന്നാൽ കോൺഗ്രസ് വിടുമെന്ന അഭ്യൂഹം ഹർദിക് പട്ടേൽ നിഷേധിച്ചിരുന്നു. ഗുജറാത്ത് ഘടകത്തിൽ പാർട്ടി നേതൃത്വം തന്നെ മാറ്റിനിർത്തുകയാണെന്നും തന്റെ കഴിവുകൾ പ്രയോജനപ്പെടുത്താൻ തയ്യാറല്ലെന്നും ഹർദിക് പട്ടേൽ ആരോപിച്ചിരുന്നു. ഹർദിക് പട്ടേൽ കോൺഗ്രസിൽ എന്തിന് സമയം കളയണം. കോൺഗ്രസിൽ താൽപര്യമില്ലെങ്കിൽ അദ്ദേഹം എഎപി പോലുള്ള പാർട്ടിയിൽ ചേരണം. ഹർദിക് പട്ടേൽ അർപ്പണബോധമുള്ള വ്യക്തിയാണെന്നും അദ്ദേഹം തന്റെ സമയം പാഴാക്കാതെ എഎപിയിൽ ചേർന്ന് പ്രവർത്തിക്കണമെന്നും ഇട്ടാലിയ പറഞ്ഞു. കോൺഗ്രസ് പോലൊരു പാർട്ടിയിൽ ഹർദിക്കിനെപ്പോലെ അർപ്പണബോധമുള്ള ആളുകൾക്ക് സ്ഥാനമുണ്ടാകില്ലെന്നും ഇട്ടാലിയ വാർത്താ ഏജൻസിയായ എഎൻഐയോട് വ്യക്തമാക്കി.
കോൺഗ്രസ് വിടുമെന്ന അഭ്യൂഹങ്ങൾ വ്യാഴാഴ്ച പട്ടേൽ തള്ളിയിരുന്നു. സൂറത്തിൽ നടന്ന പരിപാടിയിലാണ് പട്ടേൽ ഇക്കാര്യം വ്യക്തമാക്കിയത്. ഞാൻ കോൺഗ്രസ് വിടുകയാണെന്ന അഭ്യൂഹമുണ്ട്, ആരാണ് അങ്ങനെ പ്രചരിപ്പിക്കുന്നതെന്ന് എനിക്കറിയില്ലെന്നും പട്ടേൽ പറഞ്ഞു. താൻ പാർട്ടിക്ക് പൂർണമായി സംഭാവന നൽകിയിട്ടുണ്ട്. ഭാവിയിലും തുടരും. ഗുജറാത്തിൽ മികച്ച വികസനം നടത്തും. പാർട്ടിക്കുള്ളിൽ ചെറിയ വഴക്കുകളും കുറ്റപ്പെടുത്തലുകളുമുണ്ടാകും. എന്നാൽ ഗുജറാത്തിനെ വികസനത്തിലേക്കുയർത്താൻ നമ്മൾ ഒരുമിച്ച് പ്രവർത്തിക്കണം. സത്യം പറയുന്നത് കുറ്റമാണെങ്കിൽ എന്നെ കുറ്റക്കാരനായി കണക്കാക്കുക. ഗുജറാത്തിലെ ജനങ്ങൾക്ക് ഞങ്ങളിൽ നിന്ന് പ്രതീക്ഷകളുണ്ട്, ഞങ്ങൾ അവർക്കൊപ്പം നിൽക്കുമെന്നും ഹർദിക് പട്ടേൽ പറഞ്ഞു.
ഒബിസി വിഭാഗത്തിൽ സംവരണം ആവശ്യപ്പെട്ട് 2015ൽ ഗുജറാത്തിൽ പാട്ടീദാർ സമുദായത്തിന്റെ സമരത്തിന് നേതൃത്വം നൽകിയ യുവനേതാവാണ് ഹർദിക് പട്ടേൽ. രാഹുൽ ഗാന്ധിയാണ് പട്ടേലിനെ കോൺഗ്രസിലേക്ക് ക്ഷണിച്ചത്. 2020 ൽ ഗുജറാത്ത് വർക്കിംഗ് പ്രസിഡന്റായി നിയമിച്ചു.